അമരാവതി(ആന്ധ്രാപ്രദേശ്): ജുഡീഷ്യറിക്കെതിരെയും ജഡ്‌ജിമാര്‍ക്കെതിരെയുമുള്ള അധിക്ഷേപ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതില്‍ അലംഭാവം കാണിച്ചെന്ന കേസില്‍ ട്വിറ്ററിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതി. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി കോടതിയെ കളിയാക്കുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. കമ്പനിയുടെ ഇത്തരം നടപടികൾ അവഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയില്‍ ട്വിറ്ററിന് പ്രവര്‍ത്തിക്കണമെങ്കില്‍ രാജ്യത്തെ നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കണമെന്നും കോടതി ചൂണ്ടികാട്ടി. ഇന്ത്യയിലെ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ട്വിറ്ററിനെതിരെയുള്ള കേസില്‍ വാദം കേട്ട കോടതി നിരവധി പരാമർശങ്ങളാണ് സമൂഹ മാധ്യമത്തിതിരെ നടത്തിയത്.
ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് നേരത്തേയും കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയെന്ന് കോടതി ചൂണ്ടികാട്ടി. കോടതിക്കനുസൃതമല്ലാതെ പ്രവര്‍ത്തിച്ചാല്‍ അത് കോടതിയലക്ഷ്യമാകുമെന്നും നോട്ടീസ് നൽകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ നിയമങ്ങളും കോടതി ഉത്തരവുകളും ലംഘിച്ചതിന് ക്രിമിനൽ കേസ് നേരിടേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോടതി അടുത്ത വാദം കേൾക്കുമ്പോള്‍ ട്വിറ്ററിന്‍റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കാൻ എന്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചുകൂടായെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുഴുവൻ വിശദാംശങ്ങളും സത്യവാങ്മൂലമായി സമർപ്പിക്കാൻ ഉത്തരവിട്ട ഹൈക്കോടതി വാദം കേൾക്കുന്നത് ഫെബ്രുവരി ഏഴിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് എം സത്യനാരായണമൂർത്തി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.
Also read: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് വിചാരണ കോടതി