അമരാവതി: കള്ളക്കേസിൽ കുടുക്കി പൊലീസ് മർദിച്ചതിൽ മനംനൊന്ത് ദളിത് യുവാവ് ആത്മഹത്യ ചെയ്തതായി ആരോപണം. കിഴക്കൻ ഗോദാവരി ജില്ലയിലെ ബാലുസുലപേട്ട സ്വദേശിയായ അലപ്പു ഗിരീഷ് ബാബുവിനെ (24) കഴിഞ്ഞ ദിവസമാണ് വീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
ഗിരീഷ് ബാബുവിനെതിരെ ഒരു സ്ത്രീയും ഭർത്താവും ചേർന്ന് വ്യാജ പീഡനപരാതി നൽകി. തുടർന്ന് താൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയ്‌ക്കെതിരായി മത്സരിച്ചതിന്‍റെ പ്രതികാരമെന്നോണം ഭരണകക്ഷി കൗൺസിലറുടെയും മറ്റ് നേതാക്കളുടെയും സമ്മർദ്ദത്തിന് വഴങ്ങി പൊലീസ് ഗിരീഷ് ബാബുവിനെതിരെ കള്ളക്കേസ് ചുമത്തുകയാണുണ്ടായതെന്ന് ആത്മഹത്യ ചെയ്‌ത ഗിരീഷ് ബാബുവിന്‍റെ സഹോദരൻ പറയുന്നു. തുടർന്ന് എസ്‌ഐ തന്‍റെ സഹോദരനെ ദിവസവും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ശാരീരികമായും മാനസികമായും പീഡിപ്പിക്കുമായിരുന്നുവെന്നും അതിൽ മനംനൊന്താണ് ഗിരീഷ് ബാബു ആത്മഹത്യ ചെയ്തതെന്നും സഹോദരൻ ആരോപിക്കുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് ഗിരീഷ് ബാബുവിന്‍റെ മൃതദേഹവുമായി കുടുംബാംഗങ്ങൾ വ്യാഴാഴ്‌ച രാവിലെ സാമർലക്കോട്ട പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പട്ടികജാതി സമുദായ നേതാക്കൾ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തി. ഗിരീഷിന്‍റെ കുടുംബവും പൊലീസും തമ്മിലുണ്ടായ തർക്കത്തിൽ ഗിരീഷിന്‍റെ അമ്മയ്ക്കും വനിത ഹോംഗാർഡിനും പരിക്കേറ്റു. ഇരുവരെയും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡിഎസ്‌പിയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയും മൃതദേഹം കാക്കിനട സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരുമെന്നും ഡിഎസ്‌പി എ.ശ്രീനിവാസ റാവു പറഞ്ഞു.
Also Read: 'ബുള്ളി ഭായ്'; പ്രതികരിക്കാൻ മുസ്‌ലിം സ്ത്രീകളെ പ്രാപ്‌തരാക്കണമെന്ന് ഷമീം താരിഖ്