കൊയ്യാലഗുഡം (ആന്ധ്രാപ്രദേശ്) : എണ്ണപ്പന തോട്ടത്തില്‍ കുഴിയെടുക്കുന്നതിനിടെ ലഭിച്ചത് സ്വര്‍ണനാണയങ്ങള്‍. ആന്ധ്രയിലെ ഏലൂർ ജില്ലയിലെ കൊയ്യാലഗുഡത്താണ് സംഭവം. എണ്ണപ്പനത്തോട്ടത്തില്‍ കുഴിയെടുക്കുന്നതിനിടെ 18 സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തുകയായിരുന്നു. സ്ഥലമുടമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ പി.നാഗമണി സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഈ മാസം 29നാണ് കൊയ്യാലഗുഡം താലൂക്കിലെ എടുവലപ്പാലം ഗ്രാമത്തിലെ മനുകൊണ്ട തേജസ്വിയുടെ എണ്ണപ്പനത്തോട്ടത്തിൽ പൈപ്പ് ലൈൻ കുഴിക്കുന്നതിനിടെ സ്വര്‍ണനാണയങ്ങളടങ്ങിയ ചെറിയ കുടം കണ്ടെത്തുന്നത്. കുഴിയെടുത്തിരുന്ന തൊഴിലാളികള്‍ ഉടന്‍ തന്നെ ഉടമയെയും അദ്ദേഹം തഹസില്‍ദാരെയും വിവരം അറിയിക്കുകയായിരുന്നു.
എട്ടുഗ്രാമില്‍ (ഒരു പവന്‍) കൂടുതലുള്ളവയാണ് ഓരോ സ്വര്‍ണ നാണയങ്ങളും. ഇവയ്‌ക്ക് രണ്ട് നൂറ്റാണ്ട് പഴക്കമുള്ളതായാണ് കരുതപ്പെടുന്നത്.