അമരാവതി: 18 വയസ് പൂർത്തിയായ എല്ലാവർക്കും കൊവിഡ് വാക്‌സിൻ സൗജന്യമാക്കിയ കേന്ദ്ര നയത്തിന് നന്ദി അറിയിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി. കൊവിഡ് വ്യാപനം തടയാനായുള്ള ഏറ്റവും ഫലപ്രദമായ ആയുധം വാക്‌സിനാണെന്നും എല്ലാവരിലേക്കും വാക്‌സിൻ എത്തിക്കുക എന്നത് രാജ്യത്തിന്‍റെ മുഖ്യ അജണ്ഡയാകണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അനിശ്ചിതത്വങ്ങൾ നീക്കി വാക്‌സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമാക്കിയ നടപടിക്ക് ആത്മാർഥമായ നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
Also Read: സൗജന്യ വാക്സിൻ : പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
ഏതാനം ദിവസങ്ങൾക്ക് മുൻപ് ജഗൻ മോഹൻ റെഡ്ഡി കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു. വാക്‌സിൻ സൗജന്യമായി സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കാൻ മുഖ്യമന്ത്രിമാർ എന്ന നിലയിൽ നാം ഒറ്റക്കെട്ടായി നിൽക്കണമെന്നും വാക്‌സിനേഷന്‍റെ ഉത്തരവാദിത്ത്വം കേന്ദ്രം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടണമെന്നും അദ്ദേഹം കത്തിൽ അഭ്യർഥിച്ചിരുന്നു.
തിങ്കളാഴ്‌ച രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ടാണ് പ്രധാനമന്ത്രി കേന്ദ്രീകൃത വാക്‌സിൻ നയം പ്രഖ്യാപിച്ചത്. 18 വയസിന് മുകളിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്നാണ് മോദി പ്രഖ്യാപിച്ചത്. വാക്‌സിൻ ഉത്പാദകരിൽ നിന്നും 75 ശതമാനം വാക്‌സിൻ ഡോസുകളും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകും എന്നും അദ്ദേഹം അറിയിച്ചിരുന്നു.
Also Read: കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുന്നത് ആപത്ത്: ലോകാരോഗ്യ സംഘടന
സ്വകാര്യ ആശുപത്രികൾക്ക് നിർമാതാക്കളിൽ നിന്നും 25 ശതമാനം വാക്‌സിൻ നേരിട്ട് വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ വാക്‌സിന്‍റെ നിശ്ചിത വിലയേക്കാൾ 150 രൂപ മാത്രമാണ് സർവീസ് ചാർജായി സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നതെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.