അനന്തപൂർ : ആന്ധ്രാപ്രദേശിലെ കല്യാണദുർഗത്തിൽ മന്ത്രിയുടെ സ്വീകരണ യാത്രയ്ക്കായി ഗതാഗതം തടസപ്പെടുത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാനാകാതെ കുഞ്ഞ് മരിച്ചു. അനന്തപൂർ ജില്ലയിലെ ചെർലോപള്ളി ഗ്രാമത്തിൽ ഗണേഷ്-ഈരക്ക ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ ശിശുക്ഷേമ മന്ത്രി ഉഷ ശ്രീചരണിന്‍റെ സ്വീകരണ യാത്രയ്‌ക്കിടെ വെള്ളിയാഴ്‌ചയായിരുന്നു സംഭവം.
മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ മറ്റ് യാത്രക്കാരെ നിയന്ത്രിക്കാൻ എല്ലാ പ്രവേശന പോയിന്‍റുകളിലും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിനിടെ അസുഖബാധിതയായ തങ്ങളുടെ കുഞ്ഞിനെ കല്യാണദുർഗം ടൗണിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനെത്തിയതാണ് ദമ്പതികൾ. എന്നാൽ ഗതാഗതക്കുരുക്കിൽപ്പെട്ട ഇവർക്ക് കടന്നുപോകാൻ സാധിച്ചില്ല. കുഞ്ഞ് യാത്രാമധ്യേ മരിച്ചു.
ALSO READ:മധുരയില്‍ ഘോഷയാത്രക്കിടെ തിക്കിലും തിരക്കിലും പെട്ട് 90കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു
സംഭവത്തെ തുടർന്ന് വികാരഭരിതരായ മാതാപിതാക്കൾ കുഞ്ഞിന്‍റെ മരണത്തിൽ നീതി തേടി നടുറോഡിൽ പ്രതിഷേധമാരംഭിച്ചു. മകളുടെ മരണത്തിന് കാരണം പൊലീസും അധികാരികളുമാണെന്ന് അവർ ആരോപിച്ചു. നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് കുടുംബാംഗങ്ങളെ അവിടെനിന്നും ഒഴിപ്പിച്ചു. മനുഷ്യത്വരഹിതമായ സംഭവത്തെ അപലപിച്ച തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡു വിഷയത്തിൽ അടിയന്തര അന്വേഷണം ആവശ്യപ്പെട്ടു.