ന്യൂഡൽഹി: പൊലീസ് സർവീസിൽ സ്‌ത്രീ പ്രാതിനിധ്യം വളരെ കുറവെന്ന് ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ റിപ്പോർട്ട്. പൊലീസ് സേനയില്‍ നിലവിൽ 10.30 ശതമാനം സ്‌ത്രീ സാന്നിധ്യം മാത്രമാണുള്ളതെന്നും ഇത് ആശങ്കാജനകമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ആനന്ദ് ശർമയുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പൊലീസ്-ട്രെയിനിങ്, ആധുനികവത്കരണം, പരിഷ്‌കാരം എന്ന വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്.
പൊലീസ് സേനകളിലെ സ്‌ത്രീ പങ്കാളിത്തം 33 ശതമാനമാക്കി ഉയർത്താനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇതിനായി പ്രത്യേകം സ്ഥാനങ്ങൾ നിർമിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു പൊലീസ് സ്റ്റേഷനിൽ മൂന്ന് വനിത സബ് ഇൻസ്‌പെക്‌ടർമാർ, പത്ത് വനിത പൊലീസ് കോൺസ്റ്റബിൾ എങ്കിലും ഉണ്ടാകണമെന്നും ഒരു ജില്ലയിൽ ഒരു വനിത പൊലീസ് സ്റ്റേഷനെങ്കിലും വേണമെന്ന് കമ്മറ്റി നിർദേശിക്കുന്നു.
സംസ്ഥാന പൊലീസ് സേനയിൽ അനുവദിച്ച 26,23,225 അംഗബലത്തിൽ 5,31,737 ഒഴിവുകളാണുള്ളതെന്നും ക്രൈം നിരക്കിന് ഈ സംഖ്യ ആനുപാതികമല്ലെന്നും കമ്മറ്റി നിർദേശിക്കുന്നു. ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഈ കുറവ് മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെ നേരിട്ട് ബാധിക്കുന്നുണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ.
വിഷയം ഒരു മിഷൻ പോലെ പരിഗണിച്ച് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൊലീസ് റിക്രൂട്ട്മെന്‍റ് ഡ്രൈവുകൾ നടത്തണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥരും പാനലിന്‍റെ ഭാഗമായിരുന്നു.
ALSO READ: മാധ്യമ പ്രവർത്തക റാണ അയ്യൂബിൽ നിന്ന് 1.77 കോടി രൂപ കണ്ടുകെട്ടി