ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ശേഷിക്കുന്ന നാല് ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്കായി ബിജെപി വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. എന്ത് വില കൊടുത്തും ബംഗാള്‍ പിടിച്ചെടുക്കണമെന്ന വാശിയിലാണ് മോദിയും അമിത്ഷായും ഉള്‍പ്പടെയുള്ള നേതാക്കള്‍. എന്നാല്‍ വീല്‍ ചെയറിലിരുന്നും സഹതാപ തരംഗം സൃഷ്ടിച്ച് ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യമാണ് മമതക്കുള്ളത്. ദേശീയ നേതാക്കളെ അണിനിരത്തി റോഡ്ഷോകളും റാലികളും നടത്താനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം.
കൂടുതല്‍ ജനങ്ങളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പൊതുജനസമ്പര്‍ക്ക പരിപാടി ആരംഭിക്കും. രണ്ടായിരത്തിലധികം ചെറിയ ജനകീയ സഭകള്‍ ചേര്‍ന്ന് ബംഗാളിന്‍റെ ഉന്നമനത്തിനായി ബിജെപി ചെയ്യാന്‍ തീരുമാനിച്ച കാര്യങ്ങളും മറ്റും ചര്‍ച്ചയാക്കും. ഏറെ സാംസ്കാരിക പ്രാധാന്യമുള്ള നഗരമായ കൊല്‍ക്കത്തയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള പ്രചാരണ പരിപാടികള്‍ നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്. ഈ മേഖലയിലുള്ള പല സ്ഥലങ്ങളും തൃണമൂലിന്‍റെ ശക്തി കേന്ദ്രങ്ങളാണ്. ചെറിയ യോഗങ്ങള്‍ നടത്തി അവയിലൂടെ ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് കൂടുതല്‍ ആഴത്തിലിറങ്ങി വോട്ടുറപ്പിക്കാനുള്ള ലക്ഷ്യമാണ് ബിജെപിയുടേത്.