കൊല്‍ക്കത്ത : പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നത് ആര്‍ക്കും തടയാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത് നമ്മുടെ നാടിന്‍റെ നിയമമാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിഷയത്തില്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു (Amit Shah on Citizenship Amendment Act-CAA).
ബിജെപിയുടെ സാമൂഹ്യ മാധ്യമ-ഐടി വിങ് യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. നാഷണല്‍ ലൈബ്രറിയിലായിരുന്നു യോഗം. പൗരത്വ നിയമഭേദഗതി നടപ്പാക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാ ബദ്ധമാണെന്നും അമിത് ഷാ പറഞ്ഞു (Amit Shah criticized Mamata Banerjee on CAA)
സംസ്ഥാനത്തെ 42 ലോക്‌സഭ സീറ്റുകളില്‍ 35ല്‍ കൂടുതല്‍ ബിജെപി സ്വന്തമാക്കുമെന്ന ആത്മവിശ്വാസവും ഷാ പ്രകടിപ്പിച്ചു. 2019ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ നിന്ന് പതിനെട്ട് സീറ്റുകളാണ് ബിജെപി നേടിയത്. മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനമില്ലാതിരുന്ന യോഗത്തിന്‍റെ വിശദാംശങ്ങള്‍ ബംഗാള്‍ ബിജെപി മാധ്യമവിഭാഗമാണ് പിന്നീട് പുറത്ത് വിട്ടത്. ഷായുടെ പ്രസംഗത്തിന്‍റെ ചില ദൃശ്യങ്ങളും അവര്‍ പങ്കുവച്ചു (West Bengal BJP Media cell And social media IT cell meeting)
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കണം. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികയെന്നാല്‍ ഇവിടെ നുഴഞ്ഞ് കയറ്റവും പശുക്കടത്തും ഇല്ലാതാകുകയെന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ നിയമഭേദഗതിയിലൂടെ മതപരമായി വേട്ടയാടപ്പെട്ട ജനതയ്ക്ക് പൗരത്വം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു. ഇത് പാര്‍ട്ടിയുടെ ലക്ഷ്യമാണെന്നും വ്യക്തമാക്കി. മമത ബാനര്‍ജി എല്ലായ്പ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പാര്‍ലമെന്‍റ് 2019ല്‍ പാസാക്കിയ പൗരത്വ നിയമഭേദഗതിയെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എല്ലാം ബിജെപിയുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തുറുപ്പ് ചീട്ടായിരുന്നു പൗരത്വ ഭേദഗതി. ബംഗാളില്‍ ബിജെപിയെ നേട്ടം കൊയ്യാന്‍ സഹായിച്ച ഏറ്റവും വലിയ നിയമമാണ് ഇതെന്നും ബിജെപി കരുതുന്നു.
മതപരമായി ഏറെ ദുരന്തങ്ങള്‍ നേരിട്ട ഹിന്ദു, സിഖ്, ജൈനര്‍, ബുദ്ധ, പാഴ്‌സി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ക്രൈസ്‌തവര്‍ തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന നിയമാണ് പൗരത്വ നിയമഭേദഗതിയെന്നും ബിജെപി അവകാശപ്പെടുന്നു. പൗരത്വ നിയമഭേദഗതിയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന രാഷ്ട്രീയ നേതാവാണ് മമത ബാനര്‍ജി. എന്ത് വില കൊടുത്തും നിയമം നടപ്പാക്കുന്നത് തടയുമെന്നാണ് മമതയുടെ പ്രഖ്യാപിത നിലപാട്.
Also Read: രാഷ്‌ട്രീയത്തേക്കാൾ പ്രധാനം ജന ജീവിതത്തിന്; സിഎഎ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മമത ബാനർജി