അമരാവതി (മഹാരാഷ്‌ട്ര): അമരാവതിയിലെ അമിത് മെഡിക്കൽ ഷോപ്പ് ഉടമ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്‌തു. മൗലാന ആസാദ് കോളനിയിലെ ആതിഫ് റാഷിദ്, ആദിൽ റഷീദ് (24), ബിസ്‌മില്ലാനഗറിലെ മുദസിർ അഹമ്മദ് ഷെയ്ഖ് ഇബ്രാഹിം (22), സൂഫിയാനഗറിലെ ഷാരൂഖ് പത്താൻ ഹിദായത്ത് ഖാൻ (24), നനു ഷെയ്ഖ് തസ്ലിം എന്ന അബ്‌ദുല്‍ തൗഫീഖ് (24) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 21 ചൊവ്വാഴ്ച രാത്രി 11 മണിക്കാണ് കേസിനാസ്‌പദമായ സംഭവം.
നഗരത്തിലെ മെഡിക്കൽ ഷോപ്പ് ഉടമയായ പ്രഹ്ലാദ് കോൽഹെ കടയടച്ച് മടങ്ങവെയാണ് ആക്രമണം. ബെൽ ക്ലോക്ക് ഏരിയയ്ക്ക് സമീപം അക്രമിസംഘം പ്രഹ്ലാദ് കോൽഹെയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്കൊപ്പം മറ്റൊരു ബൈക്കിലുണ്ടായിരുന്ന മകനും മരുമകള്‍ക്കും കുത്തേറ്റിട്ടുണ്ട്.
കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി മഹാരാഷ്‌ട്ര സംസ്ഥാന വക്താവ് ശിവ്റായ് കുൽക്കർണി ആവശ്യപ്പെട്ടു. നൂപുര്‍ ശര്‍മയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തതാകാം കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായും കുൽക്കർണി പറഞ്ഞു.
എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും വ്യക്തമല്ല. സംഭവത്തിൽ അമരാവതി പൊലീസ് അന്വേഷണം നടക്കുകയാണ്.