ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ത്യ ഗേറ്റിലെ തീജ്വാല അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കെടുത്തുന്നു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യ ഗേറ്റിലെ തീജ്വാല തൊട്ടടുത്തുള്ള ദേശീയ യുദ്ധസ്മാരകത്തിലെ തീ ജ്വാലയില്‍ ലയിപ്പിക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്.
ഇന്ത്യ ഗേറ്റിലെ തീജ്വാല ദേശീയ യുദ്ധ സ്മാരകത്തിലെ തീ ജ്വാലയിലേക്ക് പകരുക ഇന്‍റെഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ചീഫ് എയര്‍ മാര്‍ഷല്‍ ബലബന്ദ്ര രാധാ കൃഷ്ണയായിരിക്കും. 1914-1921 കാലഘട്ടത്തില്‍ വീരമൃത്യുവരിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ സൈനികരുടെ ഓര്‍മ്മയ്ക്കായാണ് ഇന്ത്യ ഗേറ്റ് നിര്‍മ്മിച്ചത്.
1971 ലെ ഇന്ത്യ -പാകിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായാണ് 1972ല്‍ അമര്‍ ജവാന്‍ ജ്യോതി എന്നറിയപ്പെടുന്ന അണയാത്ത ഈ തീ ജ്വാല സ്ഥാപിച്ചത്. ഇന്ത്യ ഗേറ്റിന്‍റെ ആര്‍ച്ചിന് താഴെയാണ് അമര്‍ ജവാന്‍ ജ്യോതി സ്ഥാപിച്ചിരിക്കുന്നത്.
ദേശീയ യുദ്ധ സ്മാരകം രണ്ട് വര്‍ഷം മുമ്പാണ് പണികഴിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ദേശീയ യുദ്ധസ്മാരകത്തിലെ അണയ്ക്കാത്ത തീ ജ്വാലയിലേക്ക് അമര്‍ ജവാന്‍ ജ്യോതി പകരുന്നത്. രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കാനായി ജീവന്‍ ബലികഴിപ്പിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായാണ് ദേശീയ യുദ്ധസ്മാരകം പണിതത്.
ALSO READ: ഹിന്ദു സ്വത്ത് പിന്‍തുടര്‍ച്ച അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി