തിരുവനന്തപുരം : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് നല്‍കിയ കത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരുടെ സംരക്ഷണത്തിനായി വേണ്ടതെല്ലാം ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 27നാണ് ജോണ്‍ ബ്രിട്ടാസ് കത്ത് നല്‍കിയത്. മരിച്ച യെമന്‍ വ്യവസായി തലാൽ അൽ ഒദൈനിയുടെ കുടുംബവും നിമിഷയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലും തമ്മില്‍ ചര്‍ച്ച നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബ്രിട്ടാസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ദയാധനം സ്വീകരിച്ച് മോചനം നല്‍കാമന്ന് യമന്‍ പൗരന്‍റെ കുടുംബം നേരത്തെ സംഘടനയെ അറയിച്ചിരുന്നു. നിമിഷപ്രിയ 2012ലാണ് ജോലിക്കായി യെമനിലേക്ക് പോയത്. 2017 ഓഗസ്റ്റിൽ അവിടെവച്ച് അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. തലാൽ അൽ ഒദൈനി എന്ന യെമനി വ്യവസായിയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു കോടതി വധശിക്ഷ വിധിച്ചത്.
യെമനിലെ വിചാരണ കോടതി 2020 ഓഗസ്റ്റിലാണ് വധശിക്ഷ വിധിച്ചത്. യെമനിലെ കോടതിയിൽ സമർപ്പിച്ച അപ്പീൽ കഴിഞ്ഞ മാസം തള്ളിയിരുന്നു. നിമിഷപ്രിയക്ക് വേണ്ടി അഭിഭാഷകനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചതാണ്.