ദിസ്പൂർ: അസമിൽ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് അഖിൽ ഗൊഗോയ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കും. തന്‍റെ പാർട്ടിയായ റായ്ജോർ ദാലിന് വേണ്ടി സിബ്സാഗറിൽ നിന്നാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്ന് അഖിൽ ഗൊഗോയ് വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ പാർട്ടി 12 സീറ്റുകളിൽ മത്സരിക്കും. ഇതിൽ ഒരു സീറ്റിലേക്കുള്ള സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം ഘട്ടത്തിൽ ആറ് നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ആദ്യ ഘട്ടത്തിൽ സിബ്സാഗറിനു പുറമേ ചബുവ, മൊറാൻ, മഹ്മറ, ടിയോക്ക്, ബൊഖഖാത്ത്, റുപോഹിഹാത്ത്, ഡിംഗ്, തേജ്പൂർ, ബിഹ്പുരിയ, രംഗപാറ എന്നിവിടങ്ങളിൽ നിന്നും പാർട്ടി മത്സരിക്കും. രണ്ടാം ഘട്ടത്തിൽ റാഹ, രംഗിയ, കമൽപൂർ, ദൽഗാവ്, ജമുനാമുഖ് എന്നിവിടങ്ങളിലും സ്ഥാനാർഥികളെ നിർത്തി.
ഡിസംബർ 12നാണ് അഖിൽ ഗൊഗോയിയെ അറസ്റ്റ് ചെയ്തത്. ഗുവാഹതി ജയിലിലാണ് ഗൊഗോയി നിലവിൽ കഴിയുന്നത്. അസമിലെ 126 സീറ്റുകളിലേക്ക് മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം മാർച്ച് 27ന് നടക്കും.