ന്യൂഡല്‍ഹി : ഡിജിസിഎയുടെ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് വിമാനത്തിന്‍റെ കോക്ക്‌പിറ്റില്‍ പൈലറ്റിന്‍റെ പെണ്‍സുഹൃത്തിനെ കയറ്റിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് എയര്‍ലൈന്‍. ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റാണ് തന്‍റെ പെണ്‍ സുഹൃത്തിനെ കോക്ക്‌പിറ്റില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 27നായിരുന്നു സംഭവം. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.
തെറ്റായ സന്ദേശം നല്‍കിയതിനെതിരെയും അന്വേഷണം നടത്തും : കാറ്റില്‍ പ്രശ്‌നങ്ങളുണ്ടെന്നും സ്പൈസ് ജെറ്റ് വിമാനം ഉടനടി താഴെയിറക്കണമെന്നും തെറ്റായ സന്ദേശം നല്‍കിയ സംഭവത്തിലും അന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഏപ്രില്‍ 18ന് ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള വിമാനമാണ് അടിയന്തരമായി ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറക്കണമെന്ന് സന്ദേശം നല്‍കിയത്.
സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ഇറക്കുന്നതിന് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും വിമാനം ലാന്‍ഡ് ചെയ്യാതെ പൂനെയിലേക്ക് തന്നെ തിരിക്കുകയായിരുന്നു.
അബദ്ധത്തില്‍ തെളിഞ്ഞ ഫയര്‍ലൈറ്റ് പൈലറ്റിന് വിനയായി : കഴിഞ്ഞ ദിവസം വിമാനത്തിലെ ഫയര്‍ ലൈറ്റ് അബദ്ധത്തില്‍ തെളിയിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കിയ സംഭവവുണ്ടായിരുന്നു. ഈ സാഹചര്യത്തിലും അന്വേഷണം നടത്തുമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. ഡല്‍ഹി - ശ്രീനഗര്‍ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് പൈലറ്റ് അബദ്ധത്തില്‍ ഫയര്‍ ലൈറ്റ് പ്രകാശിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട B7B3 എയര്‍ക്രാഫ്‌റ്റ് ഓപ്പറേറ്റിങ് ഫ്ലൈറ്റ് ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.
എന്നാല്‍ തിരിച്ചിറക്കിയ വിമാനത്തില്‍ വിശദമായി പരിശോധന നടത്തിയപ്പോള്‍ അപകട സാധ്യതകളൊന്നും കണ്ടെത്താനായില്ല. പൈലറ്റ് അബദ്ധത്തില്‍ ഫയര്‍ ലൈറ്റ് പ്രകാശിപ്പിച്ചതാണെന്നും വിമാന കമ്പനി അറിയിച്ചു. 140 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
കോക്ക്‌പിറ്റില്‍ കയറി സിനിമാതാരം : മലയാള സിനിമാതാരം ഷൈന്‍ ടോം ചാക്കോ വിമാനത്തിലെ കോക്ക്പിറ്റില്‍ കയറിയെന്ന വാര്‍ത്തകളും വിവാദങ്ങളും അടുത്തിടെ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്നിരുന്നു. പുതിയ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ പോയി കേരളത്തിലേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നടന്‍ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് നടനെ വിമാനത്തില്‍ നിന്ന് പുറത്താക്കി.
ഷൈന്‍ ടോം ചാക്കോയ്‌ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് സിനിമാതാരങ്ങള്‍ അതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്‌തു. സംഭവത്തിന് ശേഷം വിവിധ പരിപാടികള്‍ക്കിടയില്‍ താരത്തിനോട് കോക്ക് പിറ്റ് സന്ദര്‍ശനത്തെ കുറിച്ചാണ് നിരവധി പേര്‍ അന്വേഷിച്ചത്. എന്നാല്‍ ഇതിനെല്ലാം വളരെ തമാശ രൂപത്തിലാണ് ഷൈന്‍ ടോം ചാക്കോ മറുപടി നല്‍കിയത്. ഇത്രയും കാശ് കൊടുത്ത് ടിക്കറ്റെടുക്കുന്ന നമ്മള്‍ക്ക് വിമാനത്തിന്‍റെ പ്രവര്‍ത്തന രീതിയെ കുറിച്ച് ഒന്നും അറിയില്ലല്ലോ. ഞാന്‍ അതൊന്ന് പോയി നോക്കിയതാണ്.
കോക്ക്പിറ്റില്‍ കയറാന്‍ അനുവാദം ചോദിക്കാനായി ഞാൻ അതിനകത്ത് ആരെയും കണ്ടില്ല. അതുകൊണ്ടാണ് കയറി നോക്കിയത്. ഇത്രയും കാശ് കൊടുത്ത് ടിക്കറ്റെടുത്ത നമ്മളെ ഒരു കുഴലില്‍ കൂടി ഉള്ളിലേക്ക് കടത്തി വിടും എന്നാല്‍ വിമാനം നിലത്ത് നിന്ന് പൊന്തുന്നുണ്ടോ പറക്കുന്നുണ്ടോയെന്ന് അറിയണമല്ലോ. അത് നോക്കാനായാണ് ഞാന്‍ കോക്ക്പിറ്റില്‍ കയറിയതെന്നുമാണ് താരം പറഞ്ഞത്.