ബെംഗളൂരു : ആണ്‍സുഹൃത്തിനെ കാണാന്‍ ദുബായില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ എയര്‍ഹോസ്റ്റസ് ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍. ഹിമാചല്‍ പ്രദേശ് സ്വദേശി അര്‍ച്ചന(28)യാണ് മരിച്ചത്. കോറമംഗലയിലെ രേണുക റെസിഡന്‍സിയുടെ നാലാം നിലയില്‍ നിന്ന് വീണാണ് മരണം. പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്‌ച വെളുപ്പിനായിരുന്നു സംഭവം. ഒരു പ്രശസ്‌ത എയര്‍ലൈന്‍ സ്ഥാപനത്തില്‍ എയര്‍ഹോസ്റ്റസായി ജോലി ചെയ്യുകയായിരുന്നു അര്‍ച്ചന. സോഫ്‌റ്റ്‌വെയര്‍ പ്രൊഫഷണലായ മംഗളൂരു സ്വദേശി ആദേഷുമായി കഴിഞ്ഞ ആറ് മാസമായി അര്‍ച്ചന പ്രണയത്തിലായിരുന്നു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ആദേഷിനെ കാണാനായി ദുബായില്‍ നിന്ന് എത്തിയതാണ് യുവതി.
സംഭവ ദിവസം ഫ്ലാറ്റില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. രാത്രി ഏറെ വൈകിയും വഴക്ക് തുടര്‍ന്നു. പിന്നാലെയാണ് യുവതിയുടെ മരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് അപ്പാര്‍ട്ട്മെന്‍റിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി സി കെ ബാബു അറിയിച്ചു.
ഫ്ലാറ്റില്‍ നിന്ന് വീണ് കോഴിക്കോട് വനിത ഡോക്‌ടറുടെ മരണം: കഴിഞ്ഞ ദിവസം കോഴിക്കോട് വനിത ഡോക്‌ടറെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മാഹിയില്‍ ഡോക്‌ടറായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി സദ റഹ്‌മാനെയാണ് കോഴിക്കോട്ടെ ലിയോ പാരഡൈസ് എന്ന ഫ്ലാറ്റിന്‍റെ 12-ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തിന്‍റെ പിറന്നാള്‍ ആഘോഷത്തിനായി കോഴിക്കോട് എത്തിയപ്പോഴായിരുന്നു സംഭവം.
വെള്ളിയാഴ്‌ച വെളുപ്പിന് ശുചിമുറിയിലേക്ക് പോയ സദ ഫ്ലാറ്റില്‍ നിന്ന് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈ വഴുതി സദ താഴേക്ക് പതിച്ചു. സദ വീണ ശബ്‌ദം കേട്ടെത്തിയ സെക്യൂരിറ്റിയാണ് മൃതദേഹം ആദ്യം കണ്ടത്.
സദയുടെ ബാഗില്‍ നിന്ന് വിഷാദ രോഗത്തിന് ചികിത്സ തേടിയതിന്‍റെ രേഖകള്‍ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെയും സദയ്‌ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെയും മൊഴി പൊലീസ് ശേഖരിച്ചു.
വിദ്യാര്‍ഥിനി അപ്പാര്‍ട്ട്മെന്‍റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ : ഫെബ്രുവരിയില്‍ ബെംഗളൂരുവിലെ സഞ്ജയ് നഗര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയെ സമാന രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയെയാണ് അപ്പാര്‍ട്ട്മെന്‍റിന്‍റെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താഴേക്ക് വീണ പെണ്‍കുട്ടി ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാറിന് മുകളില്‍ പതിക്കുകയായിരുന്നു.
അമിതമായി രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് പെണ്‍കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തില്‍ ഹൈഗ്രണ്ട്‌സ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തിവരികയുമാണ്.
കളിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മൂന്ന് വയസുകാരന്‍: കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ കളിക്കുന്നതിനിടെ അപ്പാര്‍ട്ട്മെന്‍റിന്‍റെ രണ്ടാം നിലയില്‍ നിന്ന് വീണ് മൂന്ന് വയസുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. കെങ്കേരിക്ക് സമീപം ജ്ഞാനഭാരതി എന്‍ക്ലേവ് അപ്പാര്‍ട്ട്മെന്‍റിലാണ് സംഭവം. ശിവപ്പ-അംബിക ദമ്പതികളുടെ മകന്‍ രാഹുലിനാണ് അപകടം ഉണ്ടായത്.
അംബിക തന്‍റെ ഇളയ കുട്ടിക്ക് ഭക്ഷണം നല്‍കിക്കൊണ്ടിരിക്കുമ്പോഴാണ് അപകടം. രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കെ കാല്‍ വഴുതി കുട്ടി താഴേക്ക് വീഴുകയായിരുന്നു. വീഴ്‌ചയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയ്‌ക്ക് സാരമായി പരിക്കേറ്റു.