മുംബൈ: ലാൻഡിങ് ഗിയറിലുണ്ടായ തകരാറിനെത്തുടർന്ന് നാഗ്‌പൂരിൽ നിന്നും ഹൈദരാബാദിലേക്ക് പോയ എയർ ആംബുലൻസ് അടിയന്തരമായി മുംബൈ വിമാനത്താവളത്തിൽ ഇടിച്ചിറക്കി. ഒരു രോഗിയും ഡോക്‌ടറുമടക്കം അഞ്ച് പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. നാഗ്‌പൂരിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ മുൻവശത്തെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇതോടെ മുംബൈ വിമാനത്താവളത്തിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു.
വിമാനം മുംബൈ വിമാനത്താവളത്തിൽ ഇടിച്ചിറക്കിയതിന് ശേഷം തീപിടിത്തം ഉണ്ടാകാതിരിക്കാൻ ഉടൻതന്നെ വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ക്രമീകരണങ്ങൾ സജ്ജമാക്കിയിരുന്നു. വിമാനത്തിലുള്ളവരെല്ലാം സുരക്ഷിതരാണ്. ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ഏജൻസിയുടെ ജെറ്റ് സേർവ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ എയർ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.