ചെന്നൈ : എന്‍ഡിഎ മുന്നണി (NDA Alliance) വിട്ട് എഐഎഡിഎംകെ (AIADMK). തിങ്കളാഴ്‌ച പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷമാണ് എന്‍ഡിഎ ബാന്ധവം ഉപേക്ഷിക്കുന്നതായി എഐഎഡിഎംകെ ഔദ്യോഗികമായി അറിയിച്ചത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും (Tamilnadu Former CM) സമുന്നതനായ ദ്രാവിഡ നേതാവുമായ സിഎന്‍ അണ്ണാദുരൈയെക്കുറിച്ച് (CN Annadurai) തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ (K Annamalai) നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി മുന്നണി ബന്ധം വഷളായിരുന്നു (AIADMK Quits NDA Alliance).
ബിജെപിയോട് 'ബൈ' പറഞ്ഞ്: ബിജെപിയുടെ സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരുവര്‍ഷമായി ഞങ്ങളുടെ നേതാക്കള്‍ക്കും ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കും പാര്‍ട്ടി അണികള്‍ക്കുമെതിരെ തുടര്‍ച്ചയായി അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുകയാണ്. ഇതോടെ ഇന്നത്തെ യോഗത്തിലാണ് പ്രമേയം പാസാക്കിയതെന്ന് പാര്‍ട്ടി പ്രസ്‌താവനയില്‍ അറിയിച്ചു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ പ്രത്യേക മുന്നണിയായി നേരിടണമോ എന്ന് ചര്‍ച്ച ചെയ്യാന്‍ എഐഡിഎംകെ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് എന്‍ഡിഎ വിടുന്നതായുള്ള തീരുമാനവുമെത്തിയത്. പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പാർട്ടിയുടെ ഉന്നത ഭാരവാഹികള്‍, ജില്ല സെക്രട്ടറിമാര്‍, എംഎൽഎമാര്‍ എംപിമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
പിളര്‍ന്നത് എന്തിന്: യോഗത്തില്‍ എഐഎഡിഎംകെ ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയതെന്ന് പാര്‍ട്ടി ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ കെപി മുനുസാമി പ്രതികരിച്ചു. എഐഡിഎംകെ ഇന്നത്തോടെ ബിജെപിയുമായും എന്‍ഡിഎയുമായുമുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരായ കക്ഷികളെ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. രണ്ട് കോടിയിലധികം പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് ഈ നീക്കമെന്നും ആരെയും പേരെടുത്ത് പറയാതെയുള്ളതാണ് പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമര്‍ശനം അതിരുകടന്നോ?: 1956 ല്‍ മധുരയില്‍ നടന്ന പരിപാടിക്കിടെ അണ്ണാദുരൈ ഹിന്ദുമതത്തെ അവഹേളിച്ചെന്നായിരുന്നു ബിജെപി അധ്യക്ഷന്‍റെ ആരോപണം. പരാമര്‍ശത്തെ തുടര്‍ന്ന് അണ്ണാദുരൈയ്‌ക്ക് മധുരയില്‍ ഒളിക്കേണ്ടതായി വന്നുവെന്നും മാപ്പുപറഞ്ഞ ശേഷമാണ് അദ്ദേഹം തടിയൂരിയതെന്നുമുള്ള ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.