അഹമ്മദാബാദ് : 2002 ഫെബ്രുവരി 28ന് നരോദ ഗ്രാമത്തില്‍ 11 പേരെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ കോടതി വിധി ഇന്ന്. പ്രത്യേക കോടതിയാണ് കേസില്‍ വിധി പറയുന്നത്. ഗുജറാത്ത് കലാപത്തോടനുബന്ധിച്ചാണ് നരോദ പാട്യ കൂട്ടക്കൊലയും നടന്നത്. കഴിഞ്ഞ 21 വര്‍ഷമായി കേസില്‍ അന്വേഷണവും വാദം കേള്‍ക്കലും നടന്നുവരികയായിരുന്നു.
ഗോധ്രയ്ക്ക് പിന്നാലെ കത്തിയെരിഞ്ഞ നരോദ: അഹമ്മദാബാദിന്‍റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് നരോദ പാട്യ. ഗോധ്ര കൂട്ടക്കൊലയ്‌ക്ക് ശേഷം പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപമായിരുന്നു നരോദ ഗ്രാമത്തിലേത്. മുസ്‌ലിം സമുദായത്തില്‍പ്പെട്ട 11പേരെ ജീവനോടെ തീവച്ച് കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ സമീപത്തുള്ള കിണറിലേക്ക് വലിച്ചെറിയുകയും ചെയ്‌തു. കൊല്ലപ്പെട്ടവരുടെ സ്വത്തുക്കളും അക്രമകാരികള്‍ അഗ്‌നിക്കിരയാക്കിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ 20 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കേസിന്‍റെ അന്വേഷണത്തിനിടെ 50-ലധികം പ്രതികളെയാണ് ഘട്ടംഘട്ടമായി പൊലീസ് അറസ്റ്റ് ചെയ്‌തത്. പഴുതടച്ച അന്വേഷണത്തിനൊടുവില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ 2008 ഓഗസ്റ്റ് 26ന് നരോദ പാട്യ കൂട്ടക്കൊലയുടെ അന്വേഷണം പ്രത്യേക സംഘത്തിന് (എസ്ഐടി) കൈമാറി സുപ്രീം കോടതി ഉത്തരവിട്ടു.
86 പ്രതികളെയാണ് പൊലീസും എസ്ഐടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്‌തത്. ഒരു പ്രതിയെ കോടതി വെറുതെവിട്ടു. 17 പ്രതികൾ വിചാരണയ്ക്കിടെ മരിച്ചു. മരിച്ച പ്രതികൾക്കെതിരായ കേസുകൾ ഒഴിവാക്കി. ഈ കേസിൽ 68 പ്രതികളെ പ്രോസിക്യൂട്ട് ചെയ്‌തു. 68 പ്രതികളുടെ ശിക്ഷയാണ് ഇന്ന് വിധിക്കുന്നത്.
ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ : ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 143 (നിയമവിരുദ്ധമായി സംഘം ചേരൽ), 147 (കലാപം), 148 (മാരകായുധങ്ങളുമായി കലാപം നടത്തൽ), 120 (ബി) (ക്രിമിനൽ ഗൂഢാലോചന), 153 (കലാപത്തിനുള്ള പ്രകോപനം) എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ കുറ്റകൃത്യങ്ങൾക്കുള്ള പരമാവധി ശിക്ഷ വധശിക്ഷയാണ്.
ആകെ 258 സാക്ഷികളാണ് നരോദ പാട്യ കൂട്ടക്കൊല കേസില്‍ ഉണ്ടായിരുന്നത്. 187 സാക്ഷികളുടെ വിസ്‌താരം ഒറ്റയടിക്ക് കോടതി പൂർത്തിയാക്കി. 10,000 പേജുകളിലുള്ള രേഖാമൂലമുള്ള വാദങ്ങളും 100 വിധിന്യായങ്ങളും കേസിലുണ്ട്. 2010 ൽ ആരംഭിച്ച വിചാരണയിൽ 13 വർഷത്തോളം ആറ് ജഡ്‌ജിമാർ തുടർച്ചയായി വാദം കേട്ടു.
മായ കൊദ്‌നാനിയും നരോദ പാട്യയും : നരോദ പാട്യ കൂട്ടക്കൊല കേസില്‍ ഉയര്‍ന്ന് കേട്ട പേരുകളില്‍ ഒന്നായിരുന്നു മായ കൊദ്‌നാനിയുടേത്. കേസില്‍ പ്രതിയായ ഏക സ്‌ത്രീ കൂടിയായിരുന്നു മായ കൊദ്‌നാനി. നരോദ മണ്ഡലത്തില്‍ ബിജെപിയുടെ നിയമസഭാംഗമായി ഒന്നിലധികം തവണ ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേസിന്‍റെ വിചാരണ വേളയില്‍ ഇന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മായ കൊദ്‌നാനിക്കുവേണ്ടി മൊഴി നല്‍കിയിരുന്നു.
നരോദയില്‍ കലാപം നടക്കുന്ന സമയത്ത് താന്‍ ഗുജറാത്ത് നിയമസഭയിലും സോള സിവില്‍ ആശുപത്രിയിലുമായിരുന്നു എന്നും കലാപ പ്രദേശത്ത് താന്‍ ഉണ്ടായിരുന്നില്ലെന്നും ഇത് തെളിയിക്കാന്‍ തന്നെ അനുവദിക്കണമെന്നും കോടതിയോട് മായ കൊദ്‌നാനി അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകളില്‍ മാധ്യമപ്രവര്‍ത്തകന്‍ ആശിഷ് ഖേതന്‍ നടത്തിയ സ്റ്റിങ് ഓപറേഷന്‍റെ വിഡിയോയും കലാപ കാലയളവില്‍ കൊദ്‌നാനി, ബജ്‌രംഗി തുടങ്ങിയവരുടെ ഫോണ്‍ കോൾ വിശദാംശങ്ങളും ഉള്‍പ്പെട്ടിരുന്നു. 2012ല്‍ നരോദ പാട്യ കൂട്ടക്കൊല കേസില്‍ മായ കൊദ്‌നാനിയെ 28 വര്‍ഷം തടവിന് ശിക്ഷിച്ചു.