പനാജി : ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും ഗോവ സന്ദർശനത്തെ പരിഹസിച്ച് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കൊവിഡ് മൂലം നഷ്‌ടത്തിലായ സംസ്ഥാനത്തെ ഹോട്ടൽ, ടാക്‌സി ബിസിനസുകൾ പുനരുജ്ജീവിപ്പിക്കാൻ ഇത്തരം 'രാഷ്‌ട്രീയ ടൂറിസ'ങ്ങൾ സഹായിക്കുമെന്നായിരുന്നു പ്രമോദ് സാവന്തിന്‍റെ പരാമർശം.
അടുത്ത വർഷം ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മമത ബാനർജിയും രാഹുൽ ഗാന്ധിയും വ്യത്യസ്ത പരിപാടികൾക്കായി ഗോവയിൽ എത്തിയത്. സംസ്ഥാനത്തെ വ്യവസായങ്ങളുടെ വളർച്ചയ്ക്ക് ദേശീയ പാർട്ടികളുടെ നേതാക്കള്‍ ഗോവയിലേക്ക് വരണമെന്ന് സാവന്ത് പറഞ്ഞു.
Also Read: യുപി ജനത ബിജെപി സർക്കാരിനെതിരെ വിധിയെഴുതുമെന്ന് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി
ഗോവ സന്ദർശന വേളയിൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ടൂ വീലർ ടാക്‌സിയിൽ യാത്ര ചെയ്‌തതിനെയും സാവന്ത് പരിഹസിച്ചു. രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഇത്തരം യാത്ര ആദ്യമായിട്ടായിരിക്കും. എന്നാൽ ഞങ്ങൾ ടൂവീലർ ടാക്സികളിലും റിക്ഷകളിലുമാണ് യാത്ര ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിച്ചതിനെ നിസാരവത്കരിച്ച സാവന്ത് താൻ എല്ലാ ദിവസവും മാർക്കറ്റ് സന്ദർശിക്കുകയും മത്സ്യത്തൊഴിലാളികളെ കാണുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്യാറുണ്ടെന്ന് അവകാശപ്പെട്ടു.