ന്യൂഡൽഹി : ചെറിയ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന പരസ്യങ്ങൾ മുഖ്യധാര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും തിരിച്ചെത്തി. ഇതിൽ ചോക്ലേറ്റ് നിർമാതാക്കൾ,എജ്യു ടെക് പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ പരസ്യങ്ങളും ഉൾപ്പെടുന്നു.
മയക്കുമരുന്ന് കേസിൽ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് ശേഷം താരം അവതരിപ്പിക്കുന്ന പരസ്യങ്ങൾ ബൈജൂസ് ആപ്പ് താൽകാലികമായി നിർത്തിവച്ചിരുന്നു. എന്നാൽ ഞായറാഴ്‌ച നടന്ന ഇന്ത്യ-പാകിസ്ഥാൻ ടി20 ക്രിക്കറ്റ് മത്സരത്തിനിടെ ഷാരൂഖ് ഖാന്‍റെ പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് പുനരാരംഭിച്ചു.
ചോക്ലേറ്റ് നിർമാതാവായ മൊണ്ടെലെസ്, എൽജി ഇലക്ട്രോണിക്സ്, വിമൽ പാൻ മസാല എന്നിവരും മുഖ്യധാരയിലും സോഷ്യൽ മീഡിയയിലും നടന്‍റെ പരസ്യങ്ങൾ പ്രക്ഷേപണം ചെയ്‌തു.
മയക്കുമരുന്ന് വിവാദം ഷാരൂഖ് ഖാന്‍റെ പ്രതിച്ഛായക്ക് കോട്ടം തട്ടിയിരിക്കാമെങ്കിലും കോർപ്പറേറ്റുകൾക്കിടയിൽ താരത്തിന്‍റെ ജനപ്രീതിക്ക് തെല്ലും കോട്ടം തട്ടിയിട്ടില്ലെന്നാണ് വ്യവസായ വിദഗ്‌ധരുടെ കണക്കുകൂട്ടൽ.
Also Read: കൊണ്ടോട്ടി ബലാത്സംഗശ്രമം : 15കാരൻ കൃത്യം ചെയ്‌തത് വ്യക്‌തമായ ആസൂത്രണത്തോടെ
ചോക്ലേറ്റ് നിർമാണ കമ്പനിയായ മൊണ്ടെലെസ് ഇന്ത്യ അടുത്തിടെ താരം അവതരിപ്പിക്കുന്ന ദീപാവലി കാമ്പെയ്‌നിന്‍റെ രണ്ടാം പതിപ്പ് പുറത്തിറക്കിയിരുന്നു. മയക്കുമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായതിനുശേഷം ബോളിവുഡ് താരം നടത്തുന്ന ആദ്യത്തെ പ്രധാന ക്യാമ്പെയ്ൻ ആണിത്.
മയക്കുമരുന്ന് വാർത്ത പുറത്തുവന്നതിന് ശേഷം താരത്തെ ബൈജൂസിന്‍റെ ബ്രാന്‍ഡ് അംബാസഡർ ആക്കിയതിന് സോഷ്യൽ മീഡിയയിൽ നിരവധി വിദ്വേഷ പ്രചാരണങ്ങൾ വന്നിരുന്നു.
എന്നാൽ പരസ്യങ്ങൾ താൽകാലികമായി നിർത്തിവച്ചതിനും പിന്നീട് പുനരാരംഭിച്ചതിനുമുള്ള കാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ബൈജൂസ് പ്രതികരിച്ചിട്ടില്ല.