രാമായണത്തിന്‍റെ പുനരാഖ്യാനമായ ഓം റൗട്ട് സംവിധാനം ചെയ്‌ത 'ആദിപുരുഷി'ന്‍റെ Adipurush ആദ്യ ദിന ബോക്‌സോഫിസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ആഗോള ബോക്‌സോഫിസിൽ 'ആദിപുരുഷ്' 140 കോടി രൂപ നേടിയതായി നിര്‍മാതാക്കള്‍ അറിയിച്ചു.
500 കോടി ബിഗ് ബജറ്റില്‍ ഒരുക്കിയ 'ആദിപുരുഷി'ന്‍റെ നിര്‍മാതാക്കളായ ടീ സീരീസ് ആണ് വാര്‍ത്താക്കുറിപ്പിലൂടെ സിനിമയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പാൻ-ഇന്ത്യന്‍ റിലീസായെത്തിയ ഒരു ബോളിവുഡ് സിനിമയുടെ ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കലക്ഷന്‍ എന്ന റെക്കോഡും 'ആദിപുരുഷ്' സ്വന്തമാക്കിയിരിക്കുകയാണ്.
'ബോക്‌സോഫിസിൽ ആദിപുരുഷ് വൻ സ്വാധീനമാണ് ചെലുത്തിയിരിക്കുന്നത്... ആഗോള ബോക്‌സോഫിസില്‍ 140 കോടി രൂപ സ്വന്തമാക്കി മികച്ച ഓപ്പണിങ് നേടി ആദിപുരുഷ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി' -നിര്‍മാതാക്കള്‍ പുറത്തുവിട്ട പ്രസ്‌താവനയില്‍ ഇപ്രകാരം പറയുന്നു.
ഹൃത്വിക് റോഷന്‍റെ 'വാര്‍' War, രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിച്ചെത്തിയ 'ബ്രഹ്മാസ്ത്ര' Brahmastra, ഷാരൂഖിന്‍റെ 'പഠാന്‍' Pathaan എന്നീ ചിത്രങ്ങളുമായി നിര്‍മാതാക്കള്‍ 'ആദിപുരുഷി'നെ താരതമ്യം ചെയ്യുകയാണ്. മറ്റ് ഭാഷകളില്‍ റിലീസ് ചെയ്യുന്ന ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പാന്‍ ഇന്ത്യന്‍ ഓപ്പണര്‍ എന്ന കൊതിപ്പിക്കുന്ന സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് 'ആദിപുരുഷ്'.
അതിനർത്ഥം, ബോളിവുഡിലെ ഏറ്റവും ഉയർന്ന ഓപ്പണറായിരുന്ന 'പഠാനെ' മറികടന്നാണ് 'ആദിപുരുഷ്' ഈ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനത്തില്‍ പഠാന്‍ ആഗോള തലത്തില്‍ 106 കോടി രൂപയാണ് നേടയിത്. എന്നാല്‍ ആദിപുരുഷ് 140 കോടി രൂപയാണ് ആദ്യ ദിനത്തില്‍ സ്വന്തമാക്കിയത്.
ആദ്യ ദിനത്തില്‍ ഇതുവരെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ബോളിവുഡ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം-
- ആദിപുരുഷ് : 140 കോടി
- പഠാന്‍: 106 കോടി
- ബ്രഹ്മാസ്‌ത്ര: 75 കോടി
- വാര്‍: 53.35 കോടി
- തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍ : 52.25 കോടി
റെട്രോഫൈല്‍സിന്‍റെ ബാനറില്‍ രാജേഷ് നായർ, യുവി ക്രിയേഷൻസിന്‍റെ ബാനറില്‍ വംശി, കൃഷൻ കുമാർ, റൗട്ട്, പ്രസാദ് സുതാർ, പ്രമോദ് എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിങിലും ചിത്രം റെക്കോഡുകള്‍ സ്വന്തമാക്കിയിരുന്നു. തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്‌ത 'ആദിപുരുഷി'ന്‍റെ അഡ്വാൻസ് ബുക്കിങ് നമ്പറുകൾ, മികച്ച ഓപ്പണിംഗിന് സൂചന നല്‍കിയിരുന്നു.
ജൂണ്‍ 16ന് റിലീസായ 'ആദിപുരുഷി'ല്‍ രാഘവായി പ്രഭാസും Prabhas, ജാനകിയായി കൃതിയും Kriti Sanon, ലങ്കേഷായി സെയ്‌ഫ് അലി ഖാനും ലക്ഷ്‌മണനായി സണ്ണി സിങുമാണ് വേഷമിട്ടിരിക്കുന്നത്. ടി-സീരീസിന്‍റെ ബാനറില്‍ ഭൂഷൺ കുമാറാണ് സിനിമയുടെ നിര്‍മാണം.
പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രത്തിന് വന്‍ പ്രചരണ പരിപാടികളാണ് നിര്‍മാതാക്കള്‍ സംഘടിപ്പിച്ചത്. റിലീസിന് മുമ്പ് തന്നെ തിയേറ്റര്‍ ഉടമകളോട് അഭ്യര്‍ഥനയുമായി സംവിധായകന്‍ ഓം റൗട്ട് രംഗത്തെത്തിയിരുന്നു. എല്ലാ സ്‌ക്രീനിംഗിലും ഭഗവാന്‍ ഹനുമാന് വേണ്ടി ഒരു സീറ്റ് റിസര്‍വ് ചെയ്‌തിടണമെന്ന് ട്രെയിലർ ലോഞ്ചിൽ സംവിധായകൻ അറിയിച്ചിരുന്നു.