കൊൽക്കത്ത: കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിൻ നയത്തില്‍ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് നേതാവ് ആധിർ രഞ്ജൻ ചൗധരി. 'കോക്ക്‌ടെയിൽ ഓഫ് ബ്ലണ്ടേഴ്‌സ് ആൻഡ് ബ്ലൂപ്പേഴ്‌സ്' എന്നാണ് അദ്ദേഹം വാക്‌സിൻ നയത്തെ വിശേഷിപ്പിച്ചത്. വിഡ്ഢിത്തങ്ങളുടെയും തെറ്റുകളുടെയും മിശ്രണമാണ് അതെന്ന് അദ്ദേഹം വിശദീകരിച്ചു. സർക്കാർ മനപ്പൂര്‍വം വാക്‌സിനേഷൻ മന്ദഗതിയിലാക്കുകയാണ്. ഒരേ വാക്‌സിന് വ്യത്യസ്‌ത വില ഈടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനെഴുതിയ കത്തിലാണ് അദ്ദേഹം ആരോപണങ്ങൾ അക്കമിട്ട് നിരത്തിയത്. 4.45 കോടി ജനങ്ങൾക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിൻ ലഭിച്ചത്. ഇത് ജനസംഖ്യയുടെ 3.14 ശതമാനം മാത്രമാണ്. പ്രതിദിനം ശരാശരി 16 ലക്ഷം വാക്‌സിനാണ് നൽകുന്നത്. ഇങ്ങനെ പോയാൽ മുതിർന്നവർക്ക് വാക്‌സിനേഷൻ നൽകാൻ മൂന്ന് വർഷമെടുക്കും. ഇങ്ങനെയെങ്കില്‍ കൊവിഡ് മൂന്നാം തരംഗമെത്തുമ്പോൾ ജനങ്ങളെ എങ്ങനെ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
ALSO READ : കേന്ദ്രത്തിനെതിരെ വിമർശനവുമായി അമർത്യ സെൻ
സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും സൗജന്യമായി വാക്‌സിൻ നൽകണം. കൂടാതെ ഡിസംബർ 31നോ അതിന് മുൻപോ എല്ലാ മുതിർന്നവര്‍ക്കും വാക്സിന്‍ ലഭ്യമാക്കണം. എങ്കിലേ രാജ്യത്തെ ജനങ്ങളെ രക്ഷിക്കാൻ സാധിക്കുകയുള്ളൂ. പ്രതിദിനം ഒരു കോടി വാക്‌സിൻ സൗജന്യമായി നൽകണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു.