ബെംഗളൂരു: കർണാടകത്തിൽ മന്ത്രിസ്ഥാനം രാജിവച്ച ബിജെപി നേതാവ് രമേഷ് ജാർക്കിഹോളിക്കെതിരായ ലൈംഗിക പീഡന പരാതി പിൻവലിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ ദിനേഷ് കല്ലഹള്ളി. വീഡിയോയുമായി ബന്ധപ്പെട്ട് അഞ്ചുകോടി രൂപയുടെ ഇടപാടിനാണ് ശ്രമിച്ചതെന്ന എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം വേദനിപ്പിച്ചെന്നും ഇതേത്തുടർന്നാണ് പരാതി പിൻവലിക്കാൻ തീരുമാനിച്ചതെന്നും ദിനേഷ് കല്ലഹള്ളി പറഞ്ഞു. സംഭവം വിവാദമായതോടെ തനിക്കുനേരെ ഭീഷണിയുണ്ടെന്ന് ദിനേഷ് പറഞ്ഞിരുന്നു.
അതേസമയം ദിനേശ് കല്ലഹള്ളിയുടെ അഭിഭാഷകൻ കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നൽകി. സിഡി പുറത്തിറക്കാൻ പണം ലഭിച്ചുവെന്നും നിരവധി പേർ സാമൂഹ്യ സേവനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതായും തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലും ബിജെപി എംഎൽഎ രമേശ് ജാർക്കിഹോളിക്കെതിരായ പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ദിനേശ് ഹര്‍ജിയില്‍ പറയുന്നു.
സർക്കാർജോലി വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കബൺപാർക്ക് പൊലീസിലായിരുന്നു കല്ലഹള്ളി പരാതി നൽകിയത്. പരാതിയിൽ പക്ഷേ, യുവതിയാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ആരോപണത്തെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് രമേഷ് ജാർക്കിഹോളി മന്ത്രിസ്ഥാനം രാജി വച്ചത്.