ന്യൂഡൽഹി: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിനെതിരെ മാനനഷ്‌ടത്തിന് നോട്ടിസ് അയച്ച് ആം ആദ്‌മി പാർട്ടി (എഎപി) എംപി സഞ്ജയ് സിങ്. 48 മണിക്കൂറിനുള്ളിൽ ഇഡി തന്നോട് പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ ഏജൻസിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് സഞ്ജയ് സിങ് നോട്ടിസിലൂടെ അറിയിച്ചിരിക്കുന്നത്.
ഇഡി ഡയറക്‌ടർ സഞ്ജയ് കുമാർ മിശ്രയ്ക്കും എക്സൈസ് അഴിമതി കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനായ ജോഗീന്ദറിനുമാണ് തന്‍റെ അഭിഭാഷകൻ മനീന്ദർജിത് സിങ് ബേദി മുഖേന സഞ്ജയ് സിങ് നോട്ടിസ് അയച്ചത്. ഇഡിയുടെ കുറ്റപത്രത്തിൽ തന്‍റെ പേര് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തന്നെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും സിംഗ് അവകാശപ്പെട്ടു.
ഡൽഹി മദ്യ കുംഭകോണവുമായി ബന്ധമില്ലെന്നും തനിക്കെതിരെ സാക്ഷികളോ തെളിവുകളോ ഇല്ലെന്നും അദ്ദേഹം നോട്ടിസിൽ വ്യക്‌തമാക്കിയിട്ടുണ്ട്. നേരത്തെ തന്നെ ഇഡിക്കെതിരെ ആരോപണവുമായി സഞ്ജയ് സിങ് എത്തിയിരുന്നു. ഏപ്രിൽ 13ന് പാർട്ടി ഓഫിസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സഞ്ജയ് സിങ് ഇഡിയുടെ പ്രവർത്തനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.
സമ്മർദത്തിന് വഴങ്ങിയാണ് ഇഡി കള്ളക്കേസുകൾ രജിസ്റ്റർ ചെയ്‌തതെന്നും അഴിമതിക്കേസിൽ തന്‍റെ പേര് തെറ്റായി ഉൾപ്പെടുത്തുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു. തന്‍റെ പേര് തെറ്റായി ഉന്നയിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്നതിനായി ഇഡിയുടെ കുറ്റപത്രത്തിന്‍റെ പകർപ്പോടെയായിരുന്നു സഞ്ജയ് സിങ് വാർത്ത സമ്മേളനത്തിന് എത്തിയിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി ആരോപണങ്ങൾ താൻ മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ തന്നെ ഉപദ്രവിക്കുകയാണെന്നും അപകീർത്തിപ്പെടുത്താനും പ്രതികാരം ചെയ്യാനും ഇഡിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും സഞ്‌ജയ് സിങ് ആരോപിച്ചിരുന്നു.