ന്യൂഡൽഹി: അസമിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മാർച്ച് 27ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 76.89 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. 39 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. 37,34,537 പുരുഷന്മാരും, 36,09,959 സ്‌ത്രീകളും, 135 ട്രാൻസ്‌ജെൻഡേഴ്‌സും ഉൾപ്പെടെ 73,44,631 വോട്ടർമാർ നാളെ പോളിങ് സ്റ്റേഷനിലെത്തും. 13 ജില്ലകളിലായി 10,592 പോളിങ് സ്റ്റേഷനുകൾ സജ്ജമാണ്. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. അസമിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിക്കുമ്പോൾ ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസ്-എയുഡിഎഫ് സഖ്യവും കനത്ത പോരാട്ടത്തിലാണ്.
39 നിയോജകമണ്ഡലങ്ങളിൽ രണ്ടെണ്ണം റെഡ് അലർട്ട് നിയോജകമണ്ഡലങ്ങളാണ്. ഏറ്റവും കൂടുതൽ സ്ഥനാർഥികൾ മത്സരിക്കുന്നത് അൽഗാപൂർ (19) നിയോജകമണ്ഡലത്തിലും, ഏറ്റവും കുറഞ്ഞ സ്ഥാനാർഥികൾ മത്സരിക്കുന്നത് ഉഡാൽഗുരി (2) മണ്ഡലത്തിലുമാണ്. 26 സ്‌ത്രീകൾ ഉൾപ്പെടെ 345 സ്ഥാനാർഥികളാണ് നാളെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. സംസ്ഥാനത്ത് നാളെ 310 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. മാർച്ച് 27, ഏപ്രിൽ ഒന്ന്, ഏപ്രിൽ ആറ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് അസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാംഘട്ട വോട്ടെടുപ്പിൽ 47 നിയമസഭാ മണ്ഡലങ്ങളിലായി 81,09,815 പേർ വോട്ട് രേഖപ്പെടുത്തി.