മംഗളൂരു: ബസിൽ നിന്ന് തള്ളിയിട്ട ശേഷം 23കാരനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ എട്ട് പേർ പിടിയിൽ. വ്യാഴാഴ്ച രാത്രി ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കങ്കണടിയിൽ വച്ച് ഒരു സംഘം തടയുകയായിരുന്നു.
ഇതര ജാതിയിൽപ്പെട്ട സ്‌ത്രീയുമായി യാത്ര ചെയ്തെന്നാരോപിച്ച് സംഘം 23കാരനെ മർദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തതതായി സിറ്റി പൊലീസ് കമ്മിഷണർ എൻ ശശി കുമാർ പറഞ്ഞു. പരിക്കേറ്റ 23കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ കുടുംബത്തിന് കൈമാറി. എന്നാൽ ഇരുവരും സുഹൃത്തുകളായിരുന്നെന്നും ജോലി അന്വേഷിച്ച് ബെംഗളൂരുവിലേക്ക് പോകുമ്പോഴാണ് സംഭവമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തിൽ നാല് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബസ് സ്റ്റാൻഡുകൾ, ബീച്ചുകൾ, പാർക്കുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്നും പൊലീസ് കമ്മിഷണർ കൂട്ടിച്ചേർത്തു.