ഗുവാഹത്തി : രാജ്യത്തെ ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്‌ചയില്‍ നിന്ന് സ്വതന്ത്രമാക്കാന്‍ നടത്തിയ നിരന്തര പോരാട്ടങ്ങൾക്ക് പുറമെ സമൂഹത്തിൽ നിന്ന് തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും ഇല്ലാതാക്കാനും ദളിതരെ മുഖ്യധാരയിലെത്തിക്കാനും മഹാത്‌മാഗാന്ധി നിസ്തുലമായ ഇടപെടലുകളാണ് നടത്തിയത്. ദളിതരുടെ ഉന്നമനത്തിന് വേണ്ടി ഗാന്ധി സ്ഥാപിച്ച പ്രസ്ഥാനമാണ് 'ഹരിജൻ സേവക് സംഘ്'.
ദളിതർക്ക് ക്ഷേത്രങ്ങളിലും സ്‌കൂളുകളിലും പ്രവേശനം അനുവദിക്കാനും റോഡുകൾ, ജലവിഭവങ്ങൾ എന്നിവ ഉപയോഗിക്കാനും ഹരിജൻ സേവക് സംഘ് നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങൾക്കൊപ്പം അസമിലും ഹരിജൻ സേവക് സംഘിന്‍റെ പ്രവർത്തനങ്ങൾ നടന്നു. ഹരിജൻ ബന്ധു എന്നറിയപ്പെടുന്ന കൃഷ്ണനാഥ് ശർമയാണ് അസമിൽ സംഘിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
1887 ഫെബ്രുവരി 28 ന് അസമിലെ ജോർഹട്ട് ജില്ലയിലെ സർബൈബന്ധയിലായിരുന്നു കൃഷ്ണനാഥ് ശർമയുടെ ജനനം. യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള ശർമ ഗാന്ധിജിയുടെ ഹരിജൻ പ്രസ്ഥാനത്തിലൂടെ ദളിതരെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തി. ശര്‍മയുടെ പ്രവർത്തനങ്ങൾ ഇഷ്‌ടപ്പെടാതിരുന്ന ബ്രാഹ്മണ സമൂഹം അദ്ദേഹത്തെ പുറത്താക്കി.
സയൻസിന് പുറമെ, ഏൾ ലോ കോളജിൽ നിന്ന് നിയമത്തിലും ബിരുദം നേടിയ ശർമ അഭിഭാഷകവൃത്തി നിര്‍വഹിച്ചെങ്കിലും മഹാത്മാഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ചേരാൻ തന്‍റെ തൊഴിൽ ഉപേക്ഷിച്ചു. 1921ൽ ജോർഹട്ട് ജില്ലയില്‍ കോൺഗ്രസിന്‍റെ ചുമതല ശർമയ്ക്കായിരുന്നു.
അതേവർഷം നബിൻ ചന്ദ്ര ബോർഡോലോയ്, തരുൺ റാം ഫുകാൻ, കുലധർ ചാലിഹ എന്നിവർക്കൊപ്പം ശർമയ്ക്ക് ഒരു വർഷം തടവ് അനുഭവിക്കേണ്ടിവന്നു. ആ സമയങ്ങളിൽ സാമൂഹ്യ-സാമ്പത്തിക വികസനത്തിനായി സ്കൂളുകളും കോളജുകളും ആരംഭിക്കുക, ആശുപത്രികൾ സ്ഥാപിക്കുക, റോഡുകൾ നിർമിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി നിരവധി നിര്‍ണായക ഇടപെടലുകള്‍ അദ്ദേഹം നടത്തി.
തൊട്ടുകൂടായ്‌മ ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും മുന്നണിപ്പോരാളിയായി. ദളിതരെ അദ്ദേഹം തന്‍റെ വീട്ടിലെ പ്രാർഥനാസ്ഥലത്തേക്ക് സ്വാഗതം ചെയ്‌തു. 1934ൽ രണ്ടാം തവണ അസം സന്ദർശിച്ചപ്പോൾ ഗാന്ധിജി ദളിതർക്കായുള്ള പ്രാർഥനാസ്ഥലം ഉദ്ഘാടനം ചെയ്തു.
ജീവിതത്തിലുടനീളം ഗാന്ധിജിയുടെ ഓരോ ആദർശവും പിന്തുടർന്ന യഥാർഥ ഗാന്ധിയനായ ശർമ 1947 ഫെബ്രുവരി 2ന് ജീവൻ വെടിഞ്ഞു. പക്ഷേ ഇന്നും അസമിൽ അദ്ദേഹത്തിന് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ല.
ജോർഹാട്ടിൽ കൃഷ്ണനാഥ് ശർമ സ്ഥാപിച്ച സബർമതി ആശ്രമം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. മാറിമാറി വന്ന സർക്കാരുകളുടെ അനാസ്ഥ മൂലം ആശ്രമം ഇപ്പോൾ കാടുപിടിച്ച അവസ്ഥയിലാണ്. ജോർഹാട്ടിലെ സർബൈബന്ധ പ്രദേശത്തെ സബർമതി ആശ്രമത്തിന്‍റെ കാമ്പസിനുള്ളിലുള്ള കൃഷ്ണനാഥ് ശർമയുടെ സ്മാരകവും ജീർണാവസ്ഥയിലാണ്.
അദ്ദേഹത്തിന്‍റെ പോരാട്ടങ്ങൾ എന്നെന്നും ഓർത്തിരിക്കാൻ സർക്കാരിന്‍റെയും പൊതുസമൂഹത്തിന്‍റെയും കാര്യക്ഷമമായ ശ്രമങ്ങള്‍ അനിവാര്യമാണ്.