ദുംക: ഒറ്റരാത്രികൊണ്ട് കോടീശ്വരനായതിന്‍റെ ഞെട്ടലിലാണ് ജാർഖണ്ഡിലെ ദുംക സ്വദേശിയായ ഫുലോ റായ്. ദുംക ജില്ലയിലെ ജാർമുണ്ടി ബ്ലോക്കിന് കീഴിലുള്ള രൂപ് സാഗർ ഗ്രാമത്തിലെ താമസക്കാരനാണ് 60കാരനായ ഫുലോ റായ്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ റായ്‌കിനാരി ശാഖയിൽ അക്കൗണ്ടുള്ള ഇദ്ദേഹം, കുറേ കാലമായി പണമിടപാടുകളൊന്നും നടത്തിയിരുന്നില്ല. അതിനാൽ ഇയാളുടെ ബാങ്ക് അക്കൗണ്ട് പ്രവർത്തനരഹിതമായിരുന്നു.
തുടർന്ന് ബെൽദാഹ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ബാങ്കിന്‍റെ കസ്റ്റമർ സർവീസ് പോയിന്‍റ് സന്ദർശിക്കുകയായിരുന്നു ഇദ്ദേഹം. പെൻഷൻ പണമായ 10,000 രൂപ പിൻവലിക്കുന്നത് സംബന്ധിച്ച് അന്വേഷിക്കാൻ പോയതായിരുന്നു അദ്ദേഹം. പണം പിൻവലിച്ച ശേഷം ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിലെ കോടികളുടെ വിവരം ഫുലോ റായ് തിരിച്ചറിഞ്ഞത്.
ALSO READ:ഷർട്ടിടാതെ നടുറോഡില്‍, പെൺകുട്ടിയും സുഹൃത്തുക്കളും അടിപിടി കൂടുന്ന ദൃശ്യങ്ങൾ
10,000 രൂപയ്ക്ക് പുറമേ ഫുലോ റായിയുടെ അക്കൗണ്ടിൽ 75,28,68,870 രൂപ (75.28 കോടിയിലധികം രൂപ) ബാലൻസ് കാണിച്ചിരുന്നു. നിസാരമായ ഇടപാടുകൾ മാത്രം നടന്നിരുന്ന അക്കൗണ്ടിൽ എങ്ങനെയാണ് ഇത്രയും വലിയ തുക എത്തിപ്പെട്ടതെന്ന് ബാങ്ക് അധികൃതർക്കും മനസിലായില്ല.
വൈകാതെ തന്നെ വാർത്ത ഗ്രാമത്തിലാകെ കാട്ടുതീ പോലെ പടർന്നു. സത്യാവസ്ഥ അറിയാൻ നിരവധി പേർ ഫുലോ റായിയുടെ വീട്ടിലേക്ക് എത്താൻ തുടങ്ങി. ഭാര്യയും മകനും അടങ്ങുന്ന ഫുലോ റായിയുടെ കുടുംബം ഒരു കുടിലിലാണ് താമസിക്കുന്നത്. കൂലിപ്പണിയെടുത്ത് ജീവിച്ചിരുന്ന അദ്ദേഹം ഇരുട്ടി വെളുത്തപ്പോഴേക്കും കോടീശ്വരൻ ആയി മാറിയതിന്‍റെ ഞെട്ടലിൽ നിന്ന് പുറത്തുവന്നിട്ടില്ല.
ഏതായാലും പണമിടപാടുകളൊന്നും നടക്കാതെ പ്രവർത്തനരഹിതമായിരുന്ന അക്കൗണ്ടിൽ കോടികൾ പ്രത്യക്ഷപ്പെട്ടതിന്‍റെ പിന്നാമ്പുറം അന്വേഷിച്ചുവരികയാണ് ബാങ്ക് അധികൃതർ. അന്വേഷണത്തിന് ശേഷം സത്യാവസ്ഥ വ്യക്തമാകുമെന്നും ബാങ്ക് മാനേജർ പ്രവീർ ചന്ദ്ര ഘോഷ് പറഞ്ഞു.