വസയി (മഹാരാഷ്‌ട്ര): ചാര്‍ജിങ്ങിനിടെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴുവയസുകാരന് ദാരുണാന്ത്യം. മഹാരാഷ്‌ട്രയിലെ വസയിയിലാണ് സംഭവം. വീടിനകത്ത് ചാർജ് ചെയ്യാന്‍ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.
സെപ്‌റ്റംബർ 23ന് പുലര്‍ച്ചെ 5.30 ഓടെയാണ് സംഭവം. വസയി ഈസ്റ്റിലെ രാംദാസ് നഗര്‍ സ്വദേശികളായ ഷഹനവാസ് അന്‍സാരി-രുക്‌സാന ദമ്പതികളുടെ മകന്‍ ഷബ്ബീറാണ് മരിച്ചത്. അപകടത്തില്‍ കുട്ടിക്ക് 70-80 ശതമാനം പൊള്ളലേറ്റിരുന്നു.
സംഭവദിവസം പുലര്‍ച്ചെ 2.30 ഓടെ ഷഹനവാസ് തന്‍റെ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ ബാറ്ററി ഹാളില്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു. ഏകദേശം മൂന്ന് മണിക്കൂറിന് ശേഷം വലിയൊരു പൊട്ടിത്തെറിയുടെ ശബ്‌ദം കേട്ടാണ് വീട്ടിലുള്ളവർ എഴുന്നേല്‍ക്കുന്നത്. അപകടസമയത്ത് മുത്തശ്ശിക്കൊപ്പം ഹാളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി.
മുത്തശ്ശി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ ഏഴുവയസുകാരനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ സെപ്‌റ്റംബർ 30ന് കുട്ടി മരണത്തിന് കീഴടങ്ങി. ഓവർ ഹീറ്റിങ് മൂലമാണ് ബാറ്ററി പൊട്ടിത്തെറിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.
Also Read: ചാർജുചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് ഒരു മരണം ; 3 പേർക്ക് പരിക്ക്
അപകടത്തില്‍ വീടിന് കേടുപാടുകളുണ്ടായി. വീടിനകത്തുണ്ടായിരുന്ന ടിവി ഉള്‍പ്പടെയുള്ള ഇലക്‌ട്രിക് ഉപകരണങ്ങള്‍ കത്തിനശിച്ചു. അഗ്നിശമന സേനയെത്തിയാണ് വീടിനുള്ളിലെ തീയണച്ചത്. സംഭവത്തില്‍ ജയ്‌പൂർ ആസ്ഥാനമായുള്ള സ്‌കൂട്ടർ നിര്‍മാതാക്കളോട് ബാറ്ററി പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.