മുംബൈ : കൊവിഡ് രണ്ടാം തരംഗത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന 594 ഡോക്‌ടര്‍മാര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2020 ഏപ്രിൽ മുതൽ 2021 മെയ് വരെ രാജ്യത്താകമാനം 1300 ഡോക്‌ടർമാർക്ക് കൊവിഡ് മൂലം ജീവൻ നഷ്‌ടപ്പെട്ടതായി ഐഎംഎ പറയുന്നു. ആദ്യ തരംഗത്തിൽ 700 മുതൽ 800 വരെ ഡോക്‌ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ രണ്ടാം തരംഗത്തിൽ മൂന്ന് മാസത്തിനിടെ 594 പേര്‍ മരണപ്പെട്ടു.
മുന്‍പില്‍ ഡല്‍ഹി
ഡല്‍ഹിയിലാണ് ഏറ്റവുമധികം ഡോക്‌ടര്‍മാര്‍ മരണപ്പെട്ടത്. ഇവിടെ 107 പേര്‍ മരിച്ചപ്പോള്‍ ബിഹാറിൽ 96 ഡോക്‌ടര്‍മാര്‍ കൊവിഡിന് കീഴടങ്ങി. ഉത്തർപ്രദേശിൽ 67, രാജസ്ഥാനിൽ 43, ഉത്തരാഖണ്ഡിൽ 39, ഗുജറാത്തിൽ 31, തെലങ്കാനയിൽ 32, മഹാരാഷ്ട്രയിൽ 17 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ ജീവന്‍ നഷ്‌ടപ്പെട്ട ഡോക്‌ടര്‍മാരുടെ കണക്കുകള്‍.
Also read: ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമം ; കേന്ദ്രത്തിന് കത്തെഴുതി ഐഎംഎ
ആനുകൂല്യം ഇല്ല
സർക്കാർ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു ഡോക്‌ടർ കൊവിഡ് ബാധിച്ച് മരിക്കുകയാണെങ്കിൽ കുടുംബത്തിന് 50 ലക്ഷം രൂപ കേന്ദ്ര സർക്കാർ നൽകുന്നു. എന്നാൽ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്‌ടറുടെ കുടുംബത്തിന് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്‌ടർമാർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ മാസങ്ങളായി ഇക്കാര്യത്തിൽ കണ്ണടയ്ക്കുകയാണെന്ന് ഐഎംഎ ആരോപിച്ചു.