ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വ്യത്യസ്ഥയിടങ്ങളിലായി പൊലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവങ്ങളില്‍ നാലുപേര്‍ അറസ്റ്റിലായി. ഡല്‍ഹിയിലെ രോഹിണി, ദ്വാരക മേഖലകളിലാണ് പൊലീസും അക്രമികളും പരസ്പരം നിറയൊഴിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്‌ച രാത്രി ഒമ്പത് മണിക്കാണ് ആദ്യ വെടിവയ്പ്പുണ്ടായത്. ഡല്‍ഹിയിലെ രോഹിണി മേഖലയില്‍ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ രണ്ടംഗ കവര്‍ച്ച സംഘത്തെ ഡല്‍ഹി പൊലീസിന്‍റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്‌തു.
യഷ്‌പാല്‍, ബിക്കി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതില്‍ യഷ്‌പാല്‍ 15 ഓളം കവര്‍ച്ച കേസുകളിലെ പ്രതിയാണ്.
Also read:മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ഒഡിഷ ഡി.ജി.പി
വെള്ളിയാഴ്‌ച രാത്രി 12. 30 നായിരുന്നു രണ്ടാമത്തെ സംഭവം. ആയുധക്കടത്തുമായി ബന്ധപ്പെട്ട രണ്ട് പേരെയാണ് ദ്വാരകയില്‍ നിന്ന് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്‌തത്. അബ്‌ദുള്‍ വഹാബ്, ഫര്‍മാന്‍ എന്നിവരെയാണ് പിടികൂടിയത്.
പ്രാദേശിക ഗുണ്ട നേതാക്കള്‍ക്ക് ആയുധങ്ങളും കാട്രിജുകളും വിതരണം ചെയ്‌തിരുന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. അഞ്ച് പിസ്റ്റലുകളും 60 കാട്രിഡ്‌ജുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് കേസുകളിലും പൊലീസ് അന്വേഷണം ആരംഭിച്ചു.