ന്യൂഡല്‍ഹി: 2021ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ് ലഭിച്ചത്. ശ്രുതി ശര്‍മയ്‌ക്ക് ഒന്നാം റാങ്കും, അങ്കിത അഗര്‍വാളിന് രണ്ടാം റാങ്കും, ഗമിനി സിഗ്ലയ്‌ക്ക് മൂന്നാം റാങ്കും ഐശ്വര്യ വര്‍മയ്‌ക്ക് നാലാം റാങ്കും ലഭിച്ചു. ഇത്തവണ 685 പേരാണ് യോഗ്യത നേടിയത്.
യോഗ്യത നേടിയവരില്‍ 244 പേര്‍ പൊതുവിഭാഗത്തില്‍ നിന്നും, 73 പേര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍ നിന്നും, 203 പേര്‍ ഒബിസി വിഭാഗത്തില്‍ നിന്നും, 105 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും, 60 പേര്‍ ആദിവാസി വിഭാഗത്തില്‍ നിന്നുമാണ്. എല്ലാവര്‍ഷവും യുപിഎസ്‌സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ മൂന്ന് ഘട്ടങ്ങളായാണ് നടക്കുന്നത്: പ്രിലിമിനറി, എഴുത്തുപരീക്ഷ, അഭിമുഖ പരീക്ഷ എന്നിവയാണ് ഈ ഘട്ടങ്ങള്‍. ഇന്ത്യന്‍ അഡ്‌മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ് അടക്കമുള്ളവയിലേക്ക് ഈ പരീക്ഷയില്‍ യോഗ്യത നേടിയവരെയാണ് എടുക്കുക.
എഴുത്തുപരീക്ഷ നടന്നത് 2022 ജനുവരിയിലും അഭിമുഖ പരീക്ഷ നടന്നത് 2022 ഏപ്രില്‍, മെയ് മാസങ്ങളിലുമാണ്. യുപിഎസ്‌സിയുടെ വെബ്‌സൈറ്റായ www.upsc.gov.in ല്‍ റിസല്‍ട്ട് ലഭ്യമാണ്.