മുംബൈ: മഹാരാഷ്ട്ര യവത്മാൽ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിൽ നിന്ന് 20 കൊവിഡ് രോഗികൾ കടന്നുകളഞ്ഞതായി അധികൃതർ. ഘടാഞ്ചി താലൂക്കിലെ സ്റ്റുഡന്‍റ്സ് ഹോസ്റ്റലിൽ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് ഹെൽത്ത് ഓഫിസർ ഡോ. സഞ്ജയ് പുരം പറഞ്ഞു. ആരോഗ്യവകുപ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചാടിപ്പോയ 20 രോഗികൾക്കെതിരെ ഘടാഞ്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ജില്ലയിലെ അംദി ഗ്രാമത്തിൽ വെള്ളിയാഴ്ച നടത്തിയ കൊവിഡ് പരിശോധനാ ക്യാമ്പിൽ രോഗം സ്ഥിരീകരിച്ച 19 പേരും മറ്റൊരു വ്യക്തിയുമാണ് ചാടിപ്പോയതെന്ന് ഡോ. സഞ്ജയ് പുരം പറഞ്ഞു.
സംഭവത്തിൽ യവത്മാൽ കലക്ടർ അമോൽ യെഡ്ജ് ആശങ്ക പ്രകടിപ്പിക്കുകയും ഇത്തരം പെരുമാറ്റം ജില്ലയിൽ കൊവിഡ് കേസുകൾ ഉയരുന്നതിന് കാരണമാകുമെന്ന് അറിയിക്കുകയും ചെയ്തു. രക്ഷപ്പെട്ട രോഗികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
യവത്മാൽ ജില്ലയിൽ ശനിയാഴ്ച 1,163 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മൊത്തം കേസുകൾ 46,704 ആയി. ജില്ലയിൽ ആകെ 1,073 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം നിലവിൽ 5,972 സജീവ കേസുകൾ ജില്ലയിലുണ്ട്.