ബെംഗളൂരു: വ്യാജ പാര്‍ട്ട് ടൈം ജോലികള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ 20 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് സംഭവങ്ങളില്‍ ആയാണ് എല്ലാവരും പിടിയിലായത്. വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്ത് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇവരുടെ 1.64 കോടിയുടെ നിക്ഷേപം പൊലീസ് മരവിപ്പിച്ചു.
ഇവരുടെ കയ്യില്‍ നിന്നും 14.11 ലക്ഷം രൂപയും ഏഴ് മൊബൈല്‍ ഫോണും രണ്ട് ലാപ്ടോപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് സൗത്ത് ഡിവിഷന്‍ ഡിസിപി ഹരീഷ് പാണ്ഡേ അറിയിച്ചു. സൂപ്പർ ലൈക്ക് ആപ്പ് എന്ന പേരിൽ ഒരു ഓണ്‍ലൈന്‍ ആപ്പ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ജോലിയില്ലാത്ത ആളുകളെ കണ്ടെത്തി ജോഗി വാഗ്ദാനം ചെയ്യാനായിരുന്നു ഇവര്‍ ആപ്പ് നിര്‍മിച്ചത്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ ഈ ആപ്പ് ഷെയര്‍ ചെയ്തിരുന്നു. ഇതുവഴി കോടി കണക്കിന് രൂപ പലരില്‍ നിന്നുമായി സംഭരിച്ചു. സെലിബ്രിറ്റികള്‍ ആപ്പില്‍ വീഡിയോ പോസ്റ്റ് ചെയ്താല്‍ അവര്‍ക്ക് 20 രൂപ നല്‍കുമെന്നും ഇവര്‍ പറഞ്ഞിരുന്നു. ഇതോടെ വലിയ തരത്തിലുള്ള നിക്ഷേപം ഇവര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു.
Also Read: സംസ്ഥാനത്ത് മഴക്കെടുതി മുന്നൊരുക്കങ്ങൾ ശക്തമാക്കി റവന്യൂ വകുപ്പ്
ഇങ്ങനെ പറ്റിക്കപ്പെട്ടൊരാളായ സയ്യദ് ബനശങ്കരി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. ഇയാള്‍ ആദ്യ ഘട്ടത്തില്‍ 50,000 രൂപ നിക്ഷേപിച്ചിരുന്നു. ഇതില്‍ നിന്നും വരുമാനം ലഭിച്ചു.
ഇതോടെ കൂടുതല്‍ തുക നിക്ഷേപിച്ചു. ഇതോടെ സയ്യദ് 44 പേരെ കൂടി ചേര്‍ത്ത് മൊത്തത്തില്‍ 19.76 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷം പണം തിരികെ ലഭിച്ചില്ല. ഇതേടെയാണ് ഇരകള്‍ തട്ടിപ്പ് തിരിച്ചറിഞ്ഞത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ 210 ഇരകളെ കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തത് വഴി ലഭിച്ച വിവരങ്ങളാണ് ഇരകളെ കണ്ടെത്താന്‍ സഹായിച്ചത്. പ്രതികളില്‍ 14 പേരെ തിരിച്ചറിഞ്ഞ പൊലീസ് ഇവരുടെ അക്കൗണ്ടിലെ 5.40 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്.
മറ്റൊരു സംഭവത്തില്‍ ഹിമാചല്‍ പ്രദേശ് സ്വദേശി ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ചൈനീസ് സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍മാരുടെ സഹായത്തേടെ 'കീപ്പ് ഷെയര്‍' എന്ന സോഫ്റ്റ്‌വെയര്‍ ഡവലപ്പ് ചെയ്തായിരുന്നു തട്ടിപ്പ്. ആപ്പിലേക്ക് നിക്ഷേപം ആകര്‍ഷിച്ച പ്രതികള്‍ തട്ടിപ്പ് നടത്തുകയായിരുന്നു.
4.83 ലക്ഷം രൂപ നഷ്ടപ്പെട്ട ബെംഗളൂരു സ്വദേശി തിപ്പസ്വാമിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവര്‍ 25 കോടിയുടെ നിക്ഷേപം സ്വീകരിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 110 ബാങ്ക് അകൗണ്ടുകളിലായി 11 കോടി രൂപ പൊലീസ് കണ്ടെത്തി ക്രയ വിക്രയങ്ങള്‍ മരവിപ്പിച്ചിട്ടുണ്ട്.