ശ്രീനഗർ: ജമ്മു കശ്‌മീരിൽ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പ്. ശ്രീനഗർ ജില്ലയിലെ ബർസുള്ള പ്രദേശത്താണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും സംഭവസ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയെന്നും അധികൃതർ അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ശ്രീനഗറിലെ ബാഗാട്ട് പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തി.
ഇന്ന് ജമ്മുവിലെ ബുദ്‌ഗാം ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് ജീവൻ നഷ്‌ടപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ വീരമൃത്യു വരിച്ച സ്‌പെഷ്യൽ പൊലീസ് ഓഫീസർ മുഹമ്മദ് അൽതാഫിന്‍റെ പുഷ്‌പാർച്ചന ചടങ്ങ് ശ്രീനഗറിൽ നടന്നു.