മുംബൈ : കൊവിഡാനന്തര രോഗമായ ബ്ലാക്ക് ഫംഗസിന്‍റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കേന്ദ്രം കുറയ്ക്കണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ. ബ്ലാക്ക് ഫംഗസ് അണുബാധയെ ചികിത്സിക്കുന്നതിനുള്ള പ്രധാന മരുന്നായ ആംഫോട്ടെറിസിൻ-ബി യുടെ ഒരു കുത്തിവയ്പ്പിന് 6,000 രൂപയോളമാണ് ഈടാക്കുന്നത്. അതിനാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും മരുന്നുകളുടെ കരിഞ്ചന്ത ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നടത്തിയ ചർച്ചയിലാണ് രാജേഷ് ടോപ്പെ നിലപാട് വ്യക്തമാക്കിയത്.
Read more: വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ച സ്രവങ്ങളില്‍ ഫംഗസ് ബാധ
ഇത്തരം മരുന്നുകളുടെ വില നിർണയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലാത്തതിനാൽ ദേശീയ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിക്ക് കത്ത് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 1,500 പേർക്കാണ് ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചത്. രോഗപ്രതിരോധശേഷിയില്ലായ്‌മ, പ്രമേഹം, രക്തത്തിൽ ഇരുമ്പിൻ്റെ അളവ് കൂടുതലുള്ളർ എന്നിവരിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തലവേദന, പനി, കണ്ണിന് താഴെയുള്ള വേദന, കാഴ്‌ച ഭാഗികമായി നഷ്ടമാകല്‍ എന്നിവയാണ് കറുത്ത ഫംഗസ് എന്ന് അറിയപ്പെടുന്ന മ്യൂക്കോമൈക്കോസിസിൻ്റെ ലക്ഷണങ്ങൾ.