ബംഗളൂരു: കൊവിഡ് -19 വാക്സിൻ സ്വീകരിച്ചതോടെ വാക്സിൻ എടുത്ത ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയായി 103 കാരിയായ ജെ കാമേശ്വരി. ബാനർഗട്ട റോഡിലെ അപ്പോളോ ഹോസ്‌പിറ്റലില്‍ നിന്നാണ് കാമേശ്വരി ചൊവ്വാഴ്ച കുത്തിവെപ്പെടുത്തത്. രാജ്യവ്യാപകമായി കൊവിഡ് -19 വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 2.40 കോടി കടന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള രോഗബാധിതരായവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കുന്നത്. ചൊവ്വാഴ്ച രാത്രി ഏഴ് മണി വരെ ആകെ 2,40,37,644 പേരാണ് വാക്സിൻ എടുത്തത്. ഇതിൽ ആദ്യത്തെ ഡോസ് എടുത്ത 71,13,801 ആരോഗ്യ പ്രവർത്തകരും രണ്ടാം ഡോസ് എടുത്ത 38,51,808 എച്ച്സിഡബ്ല്യുമാരും, 69,02,006 ആദ്യ ഡോസ് എടുത്ത ഫ്രണ്ട് ലൈൻ വർക്കർമാരും, രണ്ടാമത്തെ ഡോസ് എടുത്ത 4,44,199 എഫ്എൽഡബ്ല്യു, 45 വയസും അതിൽ കൂടുതലുമുള്ള 8,00,287 ഗുണഭോക്താക്കൾ, പ്രത്യേക രോഗാവസ്ഥയുള്ളവരും 60 വയസ്സിനു മുകളിലുള്ള 49,25,543 ഗുണഭോക്താക്കളും ഉള്‍പ്പടെയാണിത്. കൊവിഡ് വാക്സിനേഷന്‍റെ 53ാമത്തെ ദിവസമായ ചൊവ്വാഴ്ച മാത്രം 10,28,911 വാക്സിൻ ഡോസുകളാണ് നല്‍കിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.