റായ്‌പൂർ: വനിതാ കേഡർ ഉൾപ്പടെ 10 നക്സലുകളെ സുരക്ഷാ സേന ചത്തീസ്ഗഡിൽ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ. എട്ട് പേരെ സുക്മ ജില്ലയിൽ നിന്നും രണ്ട് പേരെ ദന്തേവാഡ ജില്ലയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ റിസർവ് ഗാർഡിന്‍റെയും ജില്ലാ പൊലീസ് സംഘത്തിന്‍റെയും സംയുക്ത സംഘം മുക്രം, കോട്ടഗുഡ വനങ്ങളിൽ നിന്നും കേഡർമാരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായവർക്ക് നേരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതക ശ്രമം, പൊലീസിന് നേരെയുള്ള ആക്രമണം, തീവയ്പ്പ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ കേസുകളുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാഡവി മംഗു, മഡ്കം ഹിഡ്മ, മഡ്കം ഗംഗ, മഡ്കം സോന, കവസി ജോഗ, കവസി ഹംഗ, സോയം സോന, നുപ്പോ ലച്ച എന്നിവരാണ് അറസ്റ്റിലായത്. മാവോയിസ്റ്റ് വിഭാഗങ്ങളായ ജാൻമിലിറ്റിയയിലേയും ദണ്ഡകാരണ്യ ആദിവാസി കിസാൻ മജ്‌ദൂർ സംഘത്താനിലേയും അംഗങ്ങളാണ് അറസ്റ്റിലായവർ.
12 ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, 13 ജെലാറ്റിൻ ദണ്ഡുകൾ, 10 മീറ്റർ കൊഡാക്സ് വയർ, 35 പെൻസിൽ സെല്ലുകൾ, 2 കെട്ട് ഇലക്ട്രിക് വയറുകൾ, 2 സ്വിച്ച് വയറുകൾ എന്നിവ അറസ്റ്റിലായവരിൽ നിന്ന് കണ്ടെടുത്തു. ഇവർക്കെതിരെ ചത്തീസ്ഗഢ് സ്പെഷ്യൽ പബ്ലിക് സെക്യൂരിറ്റി ആക്റ്റ്, 2005 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.