ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ ഹോം ഗാർഡിനെ ആക്രമിച്ച പുള്ളിപ്പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നതായി വനം വകുപ്പ്. അമാൻനഗർ ഗ്രാമത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഹോംഗാർഡായ സുരേന്ദ്രയാണ് ആക്രമണത്തിന് ഇരയായത്.
വെള്ളിയാഴ്‌ച വൈകീട്ട് മക്കള്‍ക്കൊപ്പം വീടിന് പുറകിലുള്ള കുഴൽക്കിണറില്‍ വെള്ളമെടുക്കാന്‍ പോവുകയായിരുന്നു സുരേന്ദ്ര. വീടിന് തൊട്ടടുത്ത മാവിലായിരുന്നു പുള്ളിപ്പുലി ഉണ്ടായിരുന്നത്. സുരേന്ദ്രയെ കണ്ടയുടെ താഴേക്ക് ചാടിയിറങ്ങിയ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വടിയുള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണ് പുള്ളിപ്പുലിയെ തല്ലിക്കൊന്നത്. പുള്ളിപ്പുലി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ഗ്യാൻ സിങ് പറഞ്ഞു.
സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ മുതിർന്ന ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. പുലിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം മൂന്ന് വയസ് പ്രായമുള്ള പെണ്‍പുലിയാണ് ചത്തതെന്ന് റേഞ്ചർ രജനീഷ് തോമർ പറഞ്ഞു. സംഭവത്തില്‍ വകുപ്പുതല നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.