ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചിൽ നരഭോജി ചെന്നായുടെ ഭീതി തുടരുന്നു. സംഘമായെത്തി ഗ്രാമവാസികളെ ആക്രമിച്ച ആറില്‍ അഞ്ച് ചെന്നായ്‌ക്കളെയും കഴിഞ്ഞ ദിവസങ്ങളില്‍ വനം വകുപ്പ് വലയിലാക്കിയിരുന്നു. എന്നാല്‍ പിടിയിലാവത്ത ഒരു ചെന്നായ ആക്രമണം തുടരുകയാണ്.
ഈ നരഭോജിയുടെ ആക്രമണത്തില്‍ 11-കാരിയായ പെണ്‍കുട്ടിക്ക് പരിക്കേറ്റു. ചികിത്സയ്ക്കായി കുട്ടിയെ മഹാസിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. സംഭവം നാട്ടുകാരിൽ ഭീതി വർധിപ്പിച്ചിട്ടുണ്ട്.
രാത്രിയിലാണ് ചെന്നായ കുട്ടിയെ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്‌റൈച്ച് ഫോറസ്‌റ്റ് ഡിവിഷന് കീഴിലുള്ള ഇരുപത്തഞ്ചോളം ഗ്രാമങ്ങളിലായിരുന്നു ചെന്നായ്‌ക്കൂട്ടം ഭയം വിതച്ചത്.
ചെന്നായ്ക്കള്‍ വിവിധ ഗ്രാമങ്ങളിൽ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 40-ലധികം ആളുകള്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇവയെ പിടികൂടുന്നതിനായി ഉത്തർപ്രദേശ് വനംവകുപ്പ് ആരംഭിച്ച 'ഓപ്പറേഷൻ ഭീഡിയ' അവസാനത്തെ ചെന്നായയെ വലയിലാക്കുന്നതിനായി പുരോഗമിക്കുകയാണ്. ക്യാമറകൾ സ്ഥാപിച്ചും ഡ്രോണ്‍ ഉപയോഗിച്ചുമാണ് തെരച്ചില്‍ നടക്കുന്നത്.