ഫിറോസാബാദ്: ഉത്തർപ്രദേശില്‍ മൂന്ന് വയസുള്ള മകനെ പിതാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു. ആക്രമണത്തില്‍ പരിക്കേറ്റ പ്രതിയുടെ ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഫിറോസാബാദ് ജില്ലയിലെ നാഗ്ല ഖാൻഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജയ്മത്പൂർ ഗ്രാമത്തിലാണ് ദാരുണ സംഭവം.
ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെയും മകനെയും പ്രതി കോടാലി കൊണ്ട് വെട്ടുകയായിരുന്നു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. അമ്മയുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതി നരേന്ദ്രയും ഭാര്യ രേണുവും തമ്മില്‍ ഇന്നലെ രാത്രി (23-09-2024) വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നു. ഇതിന് ശേഷം ഉറങ്ങാൻ കിടന്ന ഭാര്യയെയും മകനെയും പ്രതി കോടാലി കൊണ്ട് വെട്ടുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ ഓടി രക്ഷപെട്ടു. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ല. പ്രതി നരേന്ദ്ര മദ്യത്തിന് അടിമയാണെന്ന് നാട്ടുകാർ പറയുന്നു. ഇതേച്ചൊല്ലി ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നരേന്ദ്രയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.