പാലക്കാട്: കലക്‌ടറുടെ ഏകപക്ഷീയമായ നടപടികൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്‌ണകുമാർ. പാലക്കാട് ജില്ലാ കലക്‌ടർ സിപിഎമ്മിൻ്റെ ചട്ടുകമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ തിങ്കളാഴ്‌ച ഹൈക്കോടതിയെ സമീപിക്കുമെന്നും, ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ബിജെപി നൽകിയ പരാതിയിൽ നടപടിയെടുക്കാത്ത ജില്ലാ കലക്‌ടർ സിപിഎമ്മിൻ്റെ പരാതിയിൽ അതിവേഗം നടപടിയെടുത്തത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വരണാധികാരിയായ ജില്ലാ കലക്‌ടർ ഇടതുപക്ഷത്തിൻ്റെ തടവിലാണ്. ആ പാർട്ടിയുടെ പരാതി മാത്രമേ കലക്‌ടർ പരിഗണിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ടർ പട്ടിക കുറ്റമറ്റതല്ല. ഇരട്ട വോട്ട് ഒഴിവാക്കിയാൽ പാലക്കാട് എൻഡിഎ കാൽ ലക്ഷം വോട്ടിന് ജയിക്കും. എൽഡിഎഫും യുഡിഎഫും വ്യാപകമായി ഇരട്ട വോട്ട് ചേർത്തിട്ടുണ്ട്. ബിജെപിയുടെ പരാതി പരിശോധിക്കാൻ പോലും കലക്‌ടർ തയ്യാറായില്ല.
ബിജെപി നൽകിയ പരാതിയിൽ ബന്ധപ്പെട്ട ബിഎൽഒമാർക്കെതിരേ നടപടിയെടുക്കാത്ത കലക്‌ടർ സിപിഎമ്മിൻ്റെ പരാതി ഗൗരവമായി എടുത്തു. വിഷയത്തിൽ കോടതിയെ സമീപിക്കുകയല്ലാതെ വഴിയില്ല. തിങ്കളാഴ്‌ച ഹൈക്കോടതിയെ സമീപിക്കും. തെരഞ്ഞെടുപ്പിന് മുമ്പ് ഇരട്ട വോട്ടില്‍ നടപടിയെടുക്കുമെന്ന് കലക്‌ടർ ഉറപ്പ് നൽകിയതാണ്. അന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന് വിരുദ്ധമാണ് കലക്‌ടറുടെ ഇപ്പോഴത്തെ നിലപാടെന്നും സി കൃഷ്‌ണകുമാർ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
Also Read: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് അപ്രതീക്ഷിതം; അമ്പരന്ന് സിപിഎം, ഞെട്ടല്‍ മാറാതെ ബിജെപി