ജറുസലേം: ഇസ്രയേൽ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് യൊആവ് ഗാലന്‍റിനെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിശ്യാസം നഷ്‌ടപ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചാണ് പുറത്താക്കല്‍. നിലവിലെ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പുതിയ പ്രതിരോധ മന്ത്രിയായി ചുമതലയേല്‍ക്കും. കാറ്റ്സിന് പകരം ഗിദിയോൻ സാർ പുതിയ വിദേശകാര്യ മന്ത്രിയായും ചുമതലയേല്‍ക്കും.
'ഈ കത്ത് കിട്ടി 48 മണിക്കൂറിനുളളില്‍ പ്രതിരോധ മന്ത്രിയുടെ ചുമതല അവസാനിക്കും' എന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഗാലന്‍റിനയച്ച കത്തില്‍ പറയുന്നത്. യുദ്ധം തുടങ്ങി ആദ്യ മാസങ്ങളില്‍ പ്രതിരോധ മന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ വിശ്വാസമുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ആ വിശ്വാസം നഷ്‌ടപ്പെട്ടെന്നും നെതന്യാഹു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഗസയിലെയും ലബനനിലെയും യുദ്ധത്തിന്‍റെ നടത്തിപ്പില്‍ പ്രതിരോധ മന്ത്രിയും താനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നും നെതന്യാഹു പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാബിനറ്റ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ പല പ്രസ്‌താവനകളും നടപടികളും ഗാലന്‍റ് കൈക്കൊണ്ടിട്ടുണ്ട്. ഈ വിയോജിപ്പുകളും അഭിപ്രായ വ്യത്യാസങ്ങളും ശസ്‌ത്രുക്കള്‍ അറിയുകയും പ്രയോജനപ്പെടുത്തുകയും ചെയ്‌തെന്നും നെതന്യാഹു പറഞ്ഞു. ഇസ്രായേലിൻ്റെ ശത്രുക്കളെ ഗാലൻ്റ് പരോക്ഷമായി സഹായിച്ചു എന്നും നെതന്യാഹു ആരോപിച്ചു.
യൊആവ് ഗാലന്‍റിന്‍റെ മറുപടി: പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി ഗാലന്‍റ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇസ്രയേലിൻ്റെ സുരക്ഷയാണ് തൻ്റെ ജീവിത ദൗത്യമെന്ന് അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. തന്‍റെ പുറത്താക്കലിന് പിന്നിലെ മൂന്ന് കാരണങ്ങളും അദ്ദേഹം വ്യക്തമാക്കി.
ביטחון מדינת ישראל היה ותמיד יישאר משימת חיי 🇮🇱🇮🇱
— יואב גלנט - Yoav Gallant (@yoavgallant) November 5, 2024
ഹരേദികളെ ഐഡിഎഫിലേക്ക് കൊണ്ടുവരുക, ബന്ദികളെ ഗാസയിൽ നിന്ന് തിരികെ കൊണ്ടുവരുക, ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സംസ്ഥാന തല കമ്മിഷനെ നിയമിക്കുക. ഈ മൂന്ന് വിഷയങ്ങളിലെ തന്‍റെ നിലപാടുകളാണ് പുറത്താക്കലിലേക്ക് നയിച്ചതെന്ന് ഗാലന്‍റ് പറഞ്ഞു.