കടുത്ത വേനലിലും നിറഞ്ഞ് കവിയുന്ന കിണർ ; ആശങ്കയില്‍ വീട്ടുകാർ
Published : Mar 2, 2024, 4:28 PM IST
കോഴിക്കോട് : കടുത്ത വേനലിലും കിണർ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിന്‍റെ ആശങ്കയില്‍ വീട്ടുകാർ. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലാണ് സാധാരണ ജലനിരപ്പ് കുറയുന്ന വേനലിലും കിണർ നിറഞ്ഞു കവിഞ്ഞ് പുറത്തേക്ക് ഒഴുകുന്നത്. ഇരിങ്ങല്ലൂരിലെ പറശ്ശേരി താഴത്ത് ഹൈമാവതിയുടെ വീട്ടുമുറ്റത്തെ കിണറാണ് നിറഞ്ഞൊഴുകുന്നത്. കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ മുതലാണ് ഈ പ്രതിഭാസം കണ്ടത്. സാധാരണ ഫെബ്രുവരി പകുതിയാവുമ്പോഴേക്കും കിണറിലെ വെള്ളത്തിന്‍റെ അളവ് കുറയുകയും വേനൽ കടുക്കുന്നതോടെ വെള്ളം വറ്റുകയും ചെയ്യുന്ന കിണറാണ് ഇത്. കിണറിന്‍റെ ആൾമറയുടെ അരുകുകളിൽകൂടി ഉറവ വരുന്ന നിലയിലാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. കിണറിൽ നിന്നും ഒഴുകിയ വെള്ളം വീട്ടുമുറ്റത്തും പരിസരത്തും ആകെ കെട്ടിക്കിടക്കുന്ന അവസ്ഥയിലാണിപ്പോൾ ഉള്ളത്. കിണറിൽ ജലനിരപ്പ് ഉയരുകയും പുറത്തേക്ക് ഒഴുകാൻ തുടങ്ങിയതോടെയുമാണ് വീട്ടകാരില്‍ ഇത് ആശങ്കയ്‌ക്കിടയാക്കിയത്. കിണറിലെ വെള്ളത്തിന്‍റെ നിറത്തിലും വ്യത്യാസമുണ്ട്. വീട്ടിൽ നിന്നും 150 മീറ്ററോളം അകലെുള്ള ദേശീയപാതയുടെ പൈപ്പ് ലൈനില്‍ നേരത്തെ ചോർച്ചയുണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത വീടുകളിൽ ഒന്നും ഈ പ്രശ്‌നം ഇല്ലാത്തതും ആശങ്ക ഉളവാക്കുന്നുണ്ട്. കൂടാതെ കിണർ വെള്ളം പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങിയതോടെ കിണർ ഇടിഞ്ഞു താഴുമോ എന്ന ഭീതിയും നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അടിയന്തരമായി ശാസ്‌ത്രീയ പഠനം നടത്തി കിണറിലെ ജലനിരപ്പ് ഉയരാനുള്ള കാരണം കണ്ടെത്തണമെന്നാണ് വീട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം.