കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ജീവനക്കാര്‍ അറിയാതെ നടക്കില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ - V N Vasavan
Published : Jan 21, 2024, 5:38 PM IST
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് ജീവനക്കാര്‍ അറിയാതെ നടക്കില്ലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. ഒന്‍പതാമത് സഹകരണ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കവെയായിരുന്നു കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയുടെ വിമര്‍ശനം. ഏറെ വിവാദമായ കരുവന്നൂര്‍ ബാങ്കില്‍ അനഭിലഷണീയമായ പ്രവണതയുണ്ടായി. 2011 ല്‍ ആരംഭിച്ച ഗുരുതരമായ തെറ്റ് ഇപ്പോഴാണ് പിടികൂടാനായത്. പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് അതില്‍ കുറ്റവാളികളായ 7 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തു. 18 ഡിപ്പാര്‍ട്ട്‌മെന്‍റ് ഉദ്യോഗസ്ഥന്മാരെ ഇതുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്‌തു. ജീവനക്കാര്‍ ഉത്തരവാദിത്വം കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് കണ്‍കറന്‍റ് ഓഡിറ്റ് നടക്കുന്ന സ്ഥലത്ത് ക്രമക്കേട് നടന്നതെന്നും മന്ത്രി പറഞ്ഞു. ജീവനക്കാര്‍ ഉത്തരവാദിത്വം കൃത്യമായി നടപ്പിലാക്കിയില്ലെന്ന് കണ്ടാണ് നടപടി സ്വീകരിച്ചത്. നടപടി സ്വീകരിക്കുക മാത്രമല്ല, പണം തിരികെ ലഭിക്കാൻ ആവശ്യമായ ഇടപെടലും നടത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 107 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി നൽകിയിട്ടുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് തഴെയുള്ള നിക്ഷേപങ്ങള്‍ കൊടുത്തു തീരാറായെന്നും, 20,000ത്തിന് താഴെയുള്ള നിക്ഷേപങ്ങളും കൊടുത്തു കഴിഞ്ഞെന്നും വി എന്‍ വാസവന്‍ വ്യക്തമാക്കി. കോടതിയുടെ നിർദേശ പ്രകാരം, ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾ തിരികെ കൊടുത്തു വരികയാണ്. ഇപ്പോള്‍ സ്വര്‍ണപണയവും വായ്‌പയും വീണ്ടും ബാങ്ക് നൽകി തുടങ്ങിയിരിക്കുന്നു. പുല്‍പ്പള്ളിയിലും കണ്ടല ബാങ്കിലും സമാനമായി തട്ടിപ്പ് നടന്നു. അവിടെയും ഇത്തരത്തില്‍ നടപടി സ്വീകരിച്ച് വരികയാണെന്നും മന്ത്രി വി എല്‍ വാസവന്‍ പറഞ്ഞു.