സിദ്ധാർഥിന്‍റെ മരണം; പ്രതിഷേധവുമായി കെഎസ്‌യു, കോട്ടയത്ത് നൈറ്റ് മാർച്ച് - sidharth suicide
Published : Mar 2, 2024, 12:15 PM IST
കോട്ടയം : വയനാട് വെറ്റിറിനറി വിദ്യാർഥി സിദ്ധാർഥ് റാഗിങ്ങിനെ തുടർന്ന് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് കെഎസ്‌യു പ്രവർത്തകർ നൈറ്റ് മാർച്ച് നടത്തി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിലായിരുന്നു മാർച്ച്. സിദ്ധാർഥിന്‍റെ മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യുക, വിഷയം മൂടിവയ്‌ക്കാൻ ശ്രമിച്ച യൂണിവേഴ്‌സിറ്റി ഡീൻ അടക്കമുള്ള അധികൃതരെ പ്രോസിക്യൂട്ട് ചെയ്യുക, കോളജ് ഹോസ്റ്റലുകളിലെ ക്രിമിനൽ സംഘത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് നടത്തിയത്. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് മാർച്ച് ഉദ്ഘാടനം ചെയ്‌തു. കെഎസ്‌യു ജില്ല പ്രസിഡന്‍റ് കെ എൻ നൈസാം അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 18നാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബിവിഎസ്‌സി ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിനെ (21) ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിലാകമാനം മർദനമേറ്റ പാടുകൾ ഉണ്ടെന്നും പരിക്കുകൾക്ക് മൂന്ന് ദിവസം വരെ പഴക്കമുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.