മതന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടാകുന്ന അക്രമങ്ങൾ അപലപനീയം : വിഎന്‍ വാസവന്‍ - Republic day Kottayam
Published : Jan 26, 2024, 1:59 PM IST
കോട്ടയം : രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്ക് എതിരെയുണ്ടാകുന്ന അക്രമങ്ങൾ അപലപനീയമാണെന്നും അത് ഉണ്ടാകാൻ പാടില്ലെന്നും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. മതാധിഷ്‌ഠിത രാഷ്ട്രമെന്ന ചിന്താഗതിയുമായി ആരുവന്നാലും അത് ഭരണഘടനയോടുള്ള നിന്ദയാണ്. മതാധിഷ്‌ഠിത രാഷ്ട്രത്തിന് ശിലയിടാൻ ഭരണാധികാരികൾ നടക്കുന്നത് മതനിരപേക്ഷതയോടുള്ള അവഹേളനവും വെല്ലുവിളിയുമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഉയർന്നുവരുന്ന വർഗീയ ചിന്തകൾക്കെതിരായി മതനിരപേക്ഷത ഉയർത്തി പിടിക്കാൻ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോട്ടയത്ത് 75ാമത് റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിൽ സന്ദേശം നൽകുകയായിരുന്നു മന്ത്രി. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി ദേശീയ പതാകയുയർത്തി. വിവിധ സൈനിക വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. പരേഡിൽ പൊലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്‌നിരക്ഷാസേന, എൻ.സി.സി, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്‌സ്, സ്‌കൂൾ ബാൻഡ് അടക്കം 23 പ്ലാറ്റൂണുകൾ പങ്കെടുത്തു. പൊലീസ് മെഡലുകളും മികച്ച പ്ളാറ്റൂ ണുകൾക്കുള്ള ട്രോഫികളും മന്ത്രി വിതരണം ചെയ്തു. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മന്ത്രിമാര്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.