കേരളം

kerala

ETV Bharat / videos

വാക്‌സിൻ നയ രൂപീകരണം സർക്കാരിൻ്റെ പരിഗണനയിൽ : മന്ത്രി വീണാ ജോർജ് - Pulse Polio Immunization Programme

By ETV Bharat Kerala Team

Published : Mar 3, 2024, 6:21 PM IST

പത്തനംതിട്ട: വാക്‌സിൻ നയരൂപീകരണം സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അഞ്ചു വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് സംബന്ധിച്ച് നടത്തിയ പഠനറിപ്പോർട്ടുകൾ ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു(Pulse Polio Immunization Programme). 

വാക്‌സിനേഷന് എതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങൾ ആരോഗ്യമേഖലയിലുള്ള മുന്നേറ്റം തടയുന്നത് ലക്ഷ്യം വച്ചാണ്. ഇത്തരം തെറ്റായ വിവരങ്ങൾ ആരോഗ്യ മേഖലയെ തന്നെ പിന്നോട്ട് നയിക്കാൻ കാരണമാകും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി 30 വയസിനു മേലെയുള്ള എല്ലാവർക്കും വാർഷിക ആരോഗ്യ പരിശോധന സർക്കാർ ശുപാർശ ചെയ്യുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ആശാപ്രവർത്തകർ ഭവനസന്ദർശനം നടത്തി ശൈലീ ആപ്പ് വഴി വിവരശേഖരണം നടത്തിവരുന്നു. കേരളത്തിന്‍റെ ആരോഗ്യമേഖല ഒന്നാമതായി തുടരുന്നത് ആരോഗ്യപ്രവർത്തകരുടെ കരുത്തുറ്റ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ്. നടത്തിവരുന്ന നിരവധി കർമപദ്ധതികൾ മികച്ച രീതിയിൽ നടന്നു വരുന്നു. 

രോഗാതുരത കുറക്കുക, രോഗ നിർമാർജ്ജനം സാധ്യമാക്കുക എന്നിവയാണ് സംസ്ഥാനസർക്കാർ പ്രധാനമായി ലക്ഷ്യമാക്കുന്നത്. കേരളം പോലെയുള്ള പുരോഗന സമൂഹങ്ങളിൽ രോഗ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് പ്രസക്തിയേറെയാണ്. എല്ലാ കുട്ടികൾക്കും പ്രതിരോധ കുത്തിവയ്‌പ് നൽകി അവരെ സുരക്ഷിതരാക്കണമെന്ന ഓർമപ്പെടുത്തലാണ് സംസ്ഥാനതലത്തിൽ നടക്കുന്ന ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം കൊണ്ടുദ്ദേശിക്കുന്നത്. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമാക്കിയിട്ടുള്ളത്. ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 23,471 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 46,942 വോളണ്ടിയര്‍, 1564 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേരാണ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ സേവനമനുഷ്‌ഠിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ഇന്ന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണ്. എല്ലാ രക്ഷാകര്‍ത്താക്കളും അഞ്ചു വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി അവരെ സുരക്ഷിതരാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്‍റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ മൊബൈല്‍ ബൂത്തുകള്‍ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം ചെയ്‌തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പൂര്‍ണ സഹകരണത്തോടെയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details