കരിയും പുകയുമില്ലാത്ത അടുക്കള കാലം; നൂറുകണക്കിന് വീട്ടമ്മമാര്‍ക്ക് ഗ്യാസടുപ്പും ഗ്യാസുമെത്തിച്ച് കേന്ദ്ര പദ്ധതി - Free Gas Connection
Published : Feb 3, 2024, 10:25 PM IST
ഇടുക്കി: ഇടുക്കി ജില്ലയിലെ ഗ്രാമങ്ങളിലെ നൂറുകണക്കിനു വീട്ടമ്മമാർക്ക് ആശ്വാസമായി പ്രധാൻമന്ത്രി ഉജ്ജ്വലയോജന പദ്ധതി. ഇതിനോടകം തന്നെ നിരവധി വീട്ടമ്മമാർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യ പാചകവാതക കണക്ഷനുകൾ നൽകുന്നതിനായി 2016-ൽ ബിജെപി സര്‍ക്കാര്‍ ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വലയോജന പദ്ധതി നിരവധി ഗ്രാമങ്ങളിലെ വീട്ടമ്മമാരെ അവരുടെ പാചകം എളുപ്പമാക്കാന്‍ സഹായിച്ചു (Pradhan Mantri Ujjwala Yojana). വിറകു ശേഖരിക്കുന്നതിലുള്ള കഷ്‌ടപ്പാടുകൾ ഇല്ലാതാക്കാനും, കരിയിൽ നിന്നും പുകയിൽ നിന്നും മോചനം നേടാനും പദ്ധതിയിലൂടെ വീട്ടമ്മമാർക്കു കഴിഞ്ഞു. ഇടുക്കി ജില്ലയിലെ രാജകുമാരി, ബൈസൺവാലി, ശാന്തൻപാറ, സേനാപതി, രാജാക്കാട്, ഉടുമ്പൻചോല എന്നീ ഗ്രാമ പഞ്ചായത്തുകളിലെ നൂറുകണക്കിനു കുടുംബങ്ങൾ ഇപ്പോള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ് (Free Gas Connection). ഇവിടുങ്ങളിലെ തോട്ടം തൊഴിലാളികളായ വീട്ടമ്മമാർ വർഷങ്ങളായി വിറകടുപ്പിനെ മാത്രം ആശ്രയിച്ചിരുന്നവരാണ്. എന്നാല്‍ സൗജന്യമായി പാചകവാത കണക്ഷനുകൾ ലഭിച്ചതോടെ പാചകം എളുപ്പമായതിനുമപ്പുറം പുകജന്യ രോഗങ്ങളിൽ നിന്നും കൂടി മുക്തി ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് ഇവര്‍. പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം.