തൃശൂർ റെയിൽവേ സ്‌റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിർമാണ പ്രവർത്തികൾ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തു - തൃശൂർ
Published : Feb 26, 2024, 7:00 PM IST
തൃശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷൻ രാജ്യാന്തര നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിന്‍റെയും ഗുരുവായൂർ അമൃത് സ്‌റ്റേഷന്‍ പദ്ധതിയുടെയും നിർമ്മാണ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ടി എൻ പ്രതാപൻ എംപി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ബിജെപി ജില്ല പ്രസിഡന്‍റ് കെ കെ അനീഷ്‌കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിമാനത്താവള മാതൃകയിൽ നിർമ്മിക്കുന്ന സ്‌റ്റേഷനിൽ നിലവിലുള്ള പാർക്കിങ് സൗകര്യത്തിന് പുറമേ 300 ൽ അധികം കാറുകൾക്കുള്ള മൾട്ടി ലെവൽ പാർക്കിങ്, മുൻകൂർ റിസർവേഷനടക്കം എല്ലാ വിധ ടിക്കറ്റുകൾക്കുമായി 11 ടിക്കറ്റ് കൗണ്ടർ, കാൽ നടക്കാർക്കും സൈക്കിൾ സവാരിക്കാർക്കും പ്രത്യേകം പാത, ജീവനക്കാർക്കായി അപ്പാർട്ട്മെന്‍റ് കോംപ്ലക്‌സ്, ട്രാൻസ് പോർട്ട് സ്‌റ്റാൻഡിന്‍റെ പടിഞ്ഞാറ് കവാടത്തിന് അഭിമുഖമായി പ്രവേശനകവാടം, വീതിയേറിയ രണ്ട് നടപ്പാലങ്ങൾ, ലിഫ്റ്റുകൾ , എസ്‌കലേറ്ററുകൾ, ബഡ്‌ജറ്റ് ഹോട്ടൽ, വിവിധ വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഉണ്ടാകുക. കേരളീയ വാസ്‌തുശിൽപ്പ സൗന്ദര്യ സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാകും രൂപകൽപ്പന. റെയിൽ ലാൻഡ് ഡെവലപ്പ്മെന്‍റ് അതോറിറ്റിക്കാണ് ചുമതല. 5.11 കോടി ചെലവിലാണ് ഗുരുവായൂർ റെയിൽവേ സ്‌റ്റേഷൻ അമൃത് സ്‌റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നത്. ഗുരുവായൂർ സ്‌റ്റേഷനിൽ രണ്ട് കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ ലിഫ്‌റ്റുകൾ , മേൽക്കൂരകൾ, പ്ലാറ്റ്‌ഫോം ഉയർത്തൽ മുതലായ പദ്ധതികളും പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു.