തീപ്പൊരി തീഗോളമായി; അഞ്ഞൂറ്റമ്പലം വീരർകാവിലെ സ്‌ഫോടനത്തിന്‍റെ ദൃശ്യം
Published : Oct 29, 2024, 3:14 PM IST
കാസർകോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കശാലക്ക് തീപിടിച്ചത് വലിയ അപകടത്തിനാണ് വഴിവച്ചത്. ആളുകള്‍ തെയ്യം കണ്ടുകൊണ്ടിരിക്കേ ക്ഷേത്രത്തിന്‍റെ ഒരുഭാഗം നിമിഷ നേരംകൊണ്ട് തീഗോളമായി മാറുകയായിരുന്നു. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പൊട്ടിച്ച പടക്കമാണ് ഭീകര സ്‌ഫോടനത്തിന് വഴിവച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പടക്കംപൊട്ടിച്ചപ്പോഴുള്ള തീപ്പൊരി, പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്കും തെറിച്ചാണ് വലിയ പൊട്ടിത്തെറിയുണ്ടായത്. ക്ഷേത്രമതിലിനോട് ചേര്‍ന്നായിരുന്നു ഷീറ്റ് പാകിയ പടക്കപ്പുരയുണ്ടായിരുന്നത്. തെയ്യം കാണാന്‍ ഈ കെട്ടിടത്തോട് ചേര്‍ന്ന് സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരായിരുന്നു നിലയുറപ്പിച്ചിരുന്നത്.
സ്‌ഫോടനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുകയും തിക്കിലും തിരക്കിലും പലരും താഴെ വീഴുകയും ചെയ്‌തത് അപകടത്തിന്‍റെ വ്യാപ്‌തി ഏറെ കൂട്ടി. ചൊവ്വാഴ്ച പുലര്‍ച്ചെ 12 മണിയോടെ ഉണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റ 154 പേരെ ചികിത്സയ്ക്ക് വിധേയരാക്കി. പലരുടെയും നില ഗുരതരമെന്നാണ് ആശുപത്രികളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മറ്റി ഭാരവാഹികൾക്കും വെടിക്കെട്ടുകാരനും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.